മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 31ന് വിദ്യാര്‍ത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്.
27ന് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ: ഹബീബ് റഹ്‌മാന്റെ മാതാവില്‍ നിന്നും സ്വീകരിച്ച പതാകയുമായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖിന്റെ നേതൃത്വത്തില്‍ വരുന്ന പതാക ജാഥയും സീതി സാഹിബിന്റെ നാടായ കൊടുങ്ങല്ലൂരില്‍ നിന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: അല്‍ റെസിന്റെ നേതൃത്വത്തില്‍ വരുന്ന കൊടിമര ജാഥയും വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇന്നലെ മലപ്പുറം മണ്ഡലത്തിലെ കാരാത്തോടില്‍ നിന്ന് എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ: സി.കെ.നജാഫ് പതാകയും സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് കൊടിമരവും ഏറ്റുവാങ്ങി നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ മലപ്പുറം വലിയവരമ്പില്‍ പ്രത്യേകം സജ്ജമാക്കിയ ഇ.അഹമ്മദ് സാഹിബ് നഗരിയില്‍ സംഗമിച്ചു. സംഗമത്തില്‍ പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പതാക ഉയര്‍ത്തിയോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്.
ജനു. 30ന് രാത്രി 7 മണിക്ക് സമ്മേളനത്തിന്റെ ഭാഗമായി ‘ജി ടോക്ക്’ എന്ന പേരില്‍ വിവിധ മേഖലകളില്‍ തിളങ്ങിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേര്‍ സെഷനുകളുടെ ഭാഗമാകും. മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ: എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ് പൈലറ്റ് മറിയം ജുമാന, ലിറ്റില്‍ സയന്റിസ്റ്റ് ഹാബേല്‍ അന്‍വര്‍, പാണക്കാട് ഫാത്തിമ നര്‍ഗീസ്, ഇന്‍ഫ്‌ലുന്‍സര്‍ ഫിദ, ഒളിമ്പിയന്‍ മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ ജി ടോക്കില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. രാത്രി 8 മണിക്ക് അഹദ് ഷബീബ് നയിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ജനുവരി 31ന് വൈകു: 3 മണിക്ക് കാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന വിദ്യാര്‍ത്ഥി മഹാറാലി നടക്കും. മലപ്പുറം കളക്ടര്‍ ബംഗ്ലാവില്‍ നിന്ന് തുടങ്ങുന്ന വിദ്യാര്‍ത്ഥി മഹാറാലി കുന്നുമ്മല്‍, മലപ്പുറം ബസ് സ്റ്റാന്‍ഡ്, കോട്ടപ്പടി, കിഴക്കേതല വഴി വലിയവരമ്പിലെ സമ്മേളന നഗരിയില്‍ സമാപിക്കും. പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ.സലാം, കെ.എം.ഷാജി എന്നിവര്‍ പങ്കെടുക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കളും മറ്റു പോഷക സംഘടനകളുടെ നേതാക്കളും സമാപന സമ്മേളനത്തെ അഭിസംബോധനം ചെയ്യും.
സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടക്കുന്നത്. ജില്ലയിലെങ്ങും ചുവരെഴുത്തും പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ നിറഞ്ഞു കഴിഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് സംസ്ഥാന സമ്മേളനം എത്തുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന്ന് സമാനതകളില്ലാത്ത സംഘാടനത്തിലൂടെ ചരിത്രമാക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.
പത്രസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജന.സെക്രട്ടറി അഡ്വ: സി.കെ.നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ഭാരവാഹികളായ ഷറഫു പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, അഡ്വ: കെ.തൊഹാനി, മലപ്പുറം ജില്ലാ ജന.സെക്രട്ടറി വി.എ.വഹാബ് എന്നിവര്‍ പങ്കെടുത്തു.