kerala

‘നിയമവിരുദ്ധമായി ദേഹ പരിശോധന നടത്തി’; കരിപ്പൂര്‍ സ്വര്‍ണവേട്ടയില്‍ പൊലീസിനെതിരെ കസ്റ്റംസ്

By Lubna Sherin K P

November 22, 2025

മലപ്പുറം: സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ പൊലീസിനെതിരെ കസ്റ്റംസ്. പൊലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തിയിരുന്നതായി കസ്റ്റംസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് പരാമര്‍ശം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കോ മജിസ്‌ട്രേറ്റിനോ മാത്രമാണ് ശരീര പരിശോധനക്ക് അനുമതി നല്കാന്‍ അധികാരമുള്ളൂ. ഇത് മറികടകടന്നാണ് കരിപ്പൂര്‍ പൊലീസിന്റെ നടപടിയെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. കസ്റ്റംസഡിന്റെ അധികാര പരിധിയിലെ സ്ഥലത്ത് നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടിയെന്നും റിപ്പോര്‍ട്ട്.

ഒരാള്‍ സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ചു കൊണ്ടുവന്നതായി സംശയം തോന്നിയാല്‍ അയാളെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നാണ് കസ്റ്റംസ് നിയമം 103 നിര്‍ദേശിക്കുന്നത്. മജിസ്‌ട്രേറ്റാണ് എക്‌സറേ എടുക്കാന്‍ അനുമതി നല്കുന്നതും എക്‌സറേ റിപ്പോര്‍ട്ട് പരിശോധിച്ച് ശരീര പരിശോധനക്ക് അനുമതി നല്കുന്നതും. അത്യാവശ്യ ഘട്ടത്തില്‍ കസ്റ്റംസ് ഡെപ്യൂട്ട് കമ്മീഷണര്‍മാര്‍ക്കും ശരീര പരിശോധനക്ക് അനുമതി നല്‍കാം. പരിശോധനക്ക് ശേഷം കഴിയുന്നതും വേഗം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കകയും വേണം. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ ശരീര പരിശോധന നടത്താന്‍ ഒരു ഘട്ടത്തിലും പൊലീസ് അധികാരമില്ല.

അതേസമയം കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് നിന്ന് സ്വര്‍ണ്ണക്കടത്ത് പിടിക്കല്‍ പതിവാക്കിയ കരിപ്പൂര്‍ പൊലീസ് നിയമപരമായി അധികാരമില്ലാതെ നിരവധി പ്രതികളുടെ മലദ്വാര പരിശോധനയും നടത്തിയിരുന്നുതായാണ് കസ്റ്റംസ് ആരോപിക്കുന്നത്.

കരിപ്പൂര്‍ അന്താരാഷ്ട്ര ടെര്‍മിനലലിലെ അറൈവല്‍ ഏരിയയില്‍ പരിശോധന നടത്താന്‍ കസ്റ്റംസിനാണ് അധികാരം. പൊലീസിന്റെ നടപടി നിയമ നടപടികളെ ദുര്‍ബലപ്പെടുത്തുന്നുവെന്നും കസ്റ്റംസ് പറയുന്നു.