india

ഉന്നാവോ കേസ്: അതിജീവിതയുടെ മാതാവിന് നേരെയുള്ള അതിക്രമത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

By webdesk18

December 24, 2025

ന്യൂഡൽഹി: ഉന്നാവോ അതിജീവിതയുടെ മാതാവിന് നേരെയുണ്ടായ അതിക്രമത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ക്രൂര ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇത്തരത്തിൽ പെരുമാറുന്നത് ന്യായമാണോയെന്ന് രാഹുൽ ഗാന്ധി എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.

നീതിക്കായി ശബ്ദമുയർത്തിയതാണോ അവർ ചെയ്ത തെറ്റെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ഇരയായ പെൺകുട്ടി ഭയത്തോടെ ജീവിക്കുകയും നിരന്തരം അതിക്രമത്തിനിരയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ, കുറ്റക്കാരനായ മുൻ ബിജെപി എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചത് തീർത്തും നിരാശാജനകവും ലജ്ജാകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പീഡകനു ജാമ്യവും ഇരയെ കുറ്റവാളിയെ പോലെ കൈകാര്യം ചെയ്യുന്നതും ഏത് തരത്തിലുള്ള നീതിയാണെന്നും രാഹുൽ ചോദിച്ചു.

“നമ്മുടേത് ചത്ത സമ്പദ് വ്യവസ്ഥ മാത്രമല്ല, ഇത്തരം മനുഷ്യത്വരഹിത സംഭവങ്ങളിലൂടെ ചത്ത സമൂഹമായി മാറുകയാണ്. ഒരു ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ ശബ്ദമുയർത്തുന്നത് അവകാശമാണ്. അതിനെ അടിച്ചമർത്തുന്നത് കുറ്റമാണ്. ഇരയ്ക്ക് ബഹുമാനവും സുരക്ഷയും നീതിയുമാണ് വേണ്ടത്; നിസ്സഹായതയും ഭയവും അനീതിയുമല്ല,” രാഹുൽ ഗാന്ധി വ്യക്തമാക്കി.

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സിങ് സെൻഗാറിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ അതിജീവിതയും മാതാവും ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും അതിജീവിതയുടെ മാതാവിന് നേരെ അതിക്രമമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പെൺകുട്ടിയെ തടങ്കലിലാക്കിയിരിക്കുകയാണെന്ന് അതിജീവിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.