film industry

‘നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു’; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍

By webdesk18

May 27, 2025

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്‍ തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്‍ദ്ദനമെറ്റു എന്നുമാണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയില്‍ വിപിന്‍ പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .

കഴിഞ്ഞ ആറ് വര്‍ഷമായി വിപിന്‍ ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്. ‘മാര്‍ക്കോ’ എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം റിലീസായ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം വന്‍ പരാജയമായിരുന്നു.ഇതില്‍ നടന്‍ മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്‍ പറയുന്നത്.

ഇതു കൂടാതെ ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്‍ പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്‍മ്മാതാവിനോട് സംസാരിക്കാന്‍ ഏല്‍പ്പിച്ചത് തന്നെയാണെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ തന്നേയും പ്രോഡ്യൂസറെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്‍ പ്രകോപിതനായി.അന്ന് തന്നെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ലെന്ന് നടന്‍ അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്‍ വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.

പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്‍ തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്‍ വ്യക്തമാക്കി. തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില്‍ വന്നാല്‍ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.