Culture

ഇത് അയ്യപ്പന്‍ കൊടുത്ത പണി, പിണറായി മാലയിട്ട് വ്രതമെടുത്ത് പടികള്‍ ചവിട്ടിച്ചെന്ന് അയ്യപ്പനെ കണ്ട് പൊറുപ്പിക്കണമെന്ന് ഉണ്ണിത്താന്‍

By web desk 1

May 24, 2019

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസമുയര്‍ത്തി കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശബരിമല വിഷയത്തിലെ പിണറായി എടുത്ത നിലപാടുകളാണ് സി.പി.എമ്മിനു തിരിച്ചടിയായതെന്നു ചൂണ്ടിക്കാട്ടിയ ഉണ്ണിത്താന്‍ ചില നിര്‍ദേശങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. 41 ദിവസം മാലയിട്ട് വ്രതമെടുത്ത് ശബരിമലയില്‍ പോകാനും പതിനെട്ടാം പടി ചവിട്ടി കയറിച്ചെന്ന് അയ്യപ്പനെ കണ്ട് ചെയ്ത അപരാധങ്ങളൊക്കെ പറഞ്ഞ് പൊറുപ്പിക്കണമെന്നുമാണ് ഉണ്ണിത്താന്‍ പിണറായിക്കു നല്‍കിയ നിര്‍ദേശം.

‘ ഞാന്‍ പിണറായി വിജയനോട് വിനയപൂര്‍വം അഭ്യര്‍ഥിക്കുകയാണ്. നിങ്ങള്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം. എന്നിട്ട് 41ാം ദിവസം ശബരിമലയിലേക്ക് പോകണം. 18 പടികള്‍ ചവിട്ടണം. അയ്യപ്പനെ കണ്ട്് സമസ്താപരാധങ്ങളും പൊറുക്കണം എന്നു പറയണം. ഇല്ലെങ്കില്‍ നിങ്ങളുടെ പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ പോകുന്നില്ല.’-ഉണ്ണിത്താന്‍ പരിഹസിച്ചു. കേരളം വിശ്വാസികളുടെ നാടാണെന്നും സുപ്രീംകോടതിയുടെ മറവില്‍ ശബരിമലയെ അട്ടിമറിക്കാന്‍ വളരെ ഹീനമായ ശ്രമം നടത്തിയ നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അയ്യപ്പന്‍ കൊടുത്ത പണിയാണ് തെരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിയെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രനെതിരെ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ഉണ്ണിത്താന്റെ വിജയം.