കോഴിക്കോട്: ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത യാത്രക്കാരെ വലക്കുന്നു. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഈ ആഴ്ചയോടെ ഇരട്ടപ്പാത ഉണ്ടായിട്ടും അനാവശ്യമായി ട്രെയിനുകള്‍ പിടിച്ചിടുന്നത് തുടരുകയാണ്. ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ എത്തിച്ചേരാവുന്ന സമയക്രമവും ഉണ്ടാകുന്നില്ല.

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിന്റെ കാര്യത്തില്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പരാതി ശക്തിപ്പെട്ടിരിക്കുന്നു. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ സമയക്രമം ശരിയല്ലാത്തത്് മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്കു തെല്ലൊന്നുമല്ല ദുരതത്തിലാക്കുന്നത്്.

ആലപ്പുഴയില്‍ നിന്നു എറണാകുളത്തെത്തി വൈകിട്ട് 4.30 നു അവിടെനിന്നു കണ്ണൂരിലേക്കു പുറപ്പെടുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ 6.25 നു എത്തും. കോയമ്പത്തൂര്‍ തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷം മാത്രമാണ് എക്‌സിക്യൂട്ടീവ് 7.15 നു കോഴിക്കോട് ഭാഗത്തേക്കു യാത്ര പുറപ്പെടുന്നത്.

എന്നാല്‍ കോവിഡ് നിയന്ത്രണം നീങ്ങിയപ്പോള്‍ എക്‌സിക്യൂട്ടീവ് എറണാകുളത്തുനിന്നു പുറപ്പെടുന്നതു 4.30 നു പകരം 35 മിനിറ്റ് നേരത്തെയാക്കി, 3.55 ന് പുറപ്പെടും. കോയമ്പത്തൂര്‍ – തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ സര്‍വീസ് തല്‍ക്കാലം നിര്‍ത്തി. എന്നാല്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് സര്‍വീസ് നിര്‍ത്തിയ കോയമ്പത്തൂര്‍ തൃശൂര്‍ കണക്്ഷന്‍ ട്രെയിനിനു വേണ്ടി ഷൊര്‍ണൂരില്‍ ഇപ്പോഴും 45 മിനിറ്റ് പിടിച്ചിടുകയാണ്.

എറണാകുളത്തുനിന്നും നേരത്തെ പുറപ്പെട്ടാലും തൃശൂര്‍ എത്തുന്നതിനു മുന്‍പ് 40 മിനിറ്റോളം ന്യൂഡല്‍ഹി, പട്‌ന എക്‌സ്പ്രസുകള്‍ക്കായി വഴിയില്‍ പിടിച്ചിടും. ഈ സാഹചര്യത്തില്‍ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്കു ട്രെയിന്‍ നേരത്തെ പുറപ്പെട്ടാലും ഒരു മണിക്കൂര്‍ 15 മിനിറ്റ് അനാവശ്യമായി യാത്രക്കാരെ വലക്കുകയാണ്.

കോയമ്പത്തൂര്‍ – തൃശൂര്‍ കണക്ഷന്‍ ട്രെയിന്‍ നിലവില്‍ സര്‍വീസ് നടത്താത്ത സാഹചര്യത്തില്‍ ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ഷൊര്‍ണൂരില്‍ പിടിച്ചിടേണ്ടതില്ല. മാത്രമല്ല 3.55 നു എറണാകുളത്തുനിന്ന് എക്‌സിക്യൂട്ടീവ് പുറപ്പെടുന്നതിനാല്‍ എറണാകുളം, ആലുവ, കളമശ്ശേരി, ചാലക്കുടി മേഖലയില്‍ നിന്നു വാരാന്ത്യത്തില്‍ മലബാറിലേക്ക് എത്താന്‍ ആശ്രയിച്ചിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഈ ട്രെയിന്‍ ഉപകാരപ്പെടാത്ത അവസ്ഥയായിട്ടുണ്ട്.