ലഖ്‌നൗ: രണ്ടുപേര്‍ ചേര്‍ന്ന് തോക്കുപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുപി പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് വിചിത്രമായ കേക്കുമുറി നടന്നത്. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കേക്ക് മുറിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ആള്‍ക്കൂട്ടത്തിനു മുന്നില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് തോക്ക് കൊണ്ട് മുറിക്കുന്നതാണ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്.
പാട്ടും ഒച്ചപ്പാടുമെല്ലാം പശ്ചാത്തലത്തില്‍ കേള്‍ക്കാം. മുറിച്ചവരുടെ മുഖവും വ്യക്തമാണ്. തുടര്‍ന്നാണ് ആളെ എളുപ്പം തിരിച്ചറിഞ്ഞ് വൈകാതെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കേക്ക് മുറിക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ കണ്ടെടുത്തതായും ഹാപൂര്‍ പോലീസ് ട്വീറ്റ് ചെയ്തു.