ഗൊരഖ്പുര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗൊരഖ്പുര്‍ സന്ദര്‍ശനത്തിനെതിരെ പരിഹാസവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നൂറിലേറെ കുട്ടികള്‍ മരിച്ച ഗൊരഖ്പുരിലെ ബാബാ രാഘവ് ദാസ് ആസ്്പത്രി ഇന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കാനിരിക്കെയാണ് കടുത്ത വിമര്‍ശനവുമായി യോഗി രംഗത്തെത്തിയത്.

ഡല്‍ഹിയിലെ ‘യുവരാജാവിന്’ ഗൊരഖപുര്‍ ഒരു ഉല്ലാസകേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യോഗിയുടെ പരിഹാസം. ഗൊരഖ്പുരിലെ കുട്ടികളുടെ കൂട്ടമരണം വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനിടെയുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനം യോഗിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ന്നത്.

സ്വച്ഛ് യുപി, സ്വസ്ത്യ യുപി ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് യോഗി രാഹുലിന്റെ സന്ദര്‍ശനത്തെ പരിഹസിച്ചത്. ഡല്‍ഹിയില്‍ ഇരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ പ്രധാന്യം മനസിലാകില്ലെന്നും, ഗൊരഖപുരിനെ ഒരു ഉല്ലാസകേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം.

അതേസമയം കുരുന്നുകളുടെ കൂട്ടമരണത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ കോടതി, ആസ്പത്രിയിലെ ഓക്സിജന്‍ വിതരണം തടസപ്പെട്ടതിനും ഡോക്ടര്‍മാരുടെ കുറവിനെ സംബന്ധിച്ചും പഠിച്ച് ഉത്തരവാദിത്വപെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരിവിട്ടിരുന്നു.