ലഖ്നൗ: കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനൊപ്പം സ്ക്രീന്‍ സമയം കുറയ്ക്കാനും വിമര്‍ശനാത്മക ചിന്താശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ പത്രവായന നിര്‍ബന്ധമാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ദിവസേന പത്രവായന ദിനചര്യയുടെ ഭാഗമാക്കും.
അഡീഷണല്‍ ചീഫ് സെക്രട്ടറി പാര്‍ഥസാര്‍ഥി സെന്‍ ശര്‍മ പുറത്തിറക്കിയ അറിയിപ്പില്‍, ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടുന്ന പത്രവായന സ്കൂളുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്ദേശിച്ചിട്ടുï്. നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുകയും ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
സ്കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലിയില്‍ പത്ത് മിനിറ്റ് പത്രവായനയ്ക്കായി മാറ്റിവെക്കും. ഓരോ ദിവസവും വ്യത്യസ്ത കുട്ടികള്‍ ദേശീയ, അന്തര്‍ദേശീയ, കായിക വാര്‍ത്തകള്‍ അവതരിപ്പിക്കും. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇത് നടപ്പാക്കാനാണ് തീരുമാനം. പദ്ധതി ഫലപ്രദമാണെന്ന് തെളിയുന്ന പക്ഷം മറ്റ് സ്കൂളുകള്‍ക്കും പിന്തുടരാമെന്നും ഉത്തരവില്‍ പറയുന്നു.
പത്രവായനയിലൂടെ കുട്ടികള്‍ക്ക് പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അടിസ്ഥാനവിവരം ലഭിക്കാനും കഴിയും. മത്സരപരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും പദസമ്പത്തും ഭാഷാശൈലിയും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും. വിവിധ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ത്തകളും ലേഖനങ്ങളും കുട്ടികളെ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.
വ്യാജ വാര്‍ത്തകള്‍ വ്യാപകമാകുന്ന കാലഘട്ടത്തില്‍, ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് വളര്‍ത്തുന്നതിനും പത്രവായന സഹായിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ മാസത്തിലൊരിക്കല്‍ അതത് മാസത്തിലെ പ്രധാന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി സ്കൂള്‍തലത്തില്‍ പത്രമോ മാസികയോ തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ആഴ്ചയില്‍ ഒരിക്കല്‍ ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ ഒരു പ്രധാന എഡിറ്റോറിയല്‍ വിഷയത്തെ ആസ്പദമാക്കി ലേഖനം തയ്യാറാക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും വേണം. ചെറുക്ലാസുകളിലെ കുട്ടികള്‍ ശാസ്ത്രം, പരിസ്ഥിതി, കായികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ശേഖരണം തയ്യാറാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.