crime

40 പുരോഹിതര്‍ 11 ദിവസം പൂജ നടത്തി, പ്രതിഫലമായി നല്‍കിയത് അഞ്ചരലക്ഷം രൂപയുടെ കള്ളനോട്ടുകള്‍; സ്ത്രീ പിടിയില്‍

By Test User

August 28, 2020

ലഖ്‌നൗ: പതിനൊന്ന് ദിവസം നീണ്ട പൂജ നടത്തിയ നാല്‍പ്പത് പുരോഹിതരെ വ്യാജനോട്ട് നല്‍കി കബളിപ്പിച്ച സ്ത്രീ പിടിയില്‍.പൂജയ്ക്ക് ശേഷം 5.53 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് സ്ത്രീ പുരോഹിതര്‍ക്ക് നല്‍കിയത്. ഉത്തര്‍പ്രദേശിലെ സീതാപുര്‍ ജില്ലയിലുള്ള തെര്‍വ മാണിക്പുര്‍ ഗ്രാമത്തിലാണ് സംഭവം.

പുരോഹിതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. ജി.ആര്‍ പതക് എന്നയാളുടെ ഭാര്യ ഗീത പതക് എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. യുവതിയെ കസ്റ്റഡിയില്‍ എടുത്തതിനുശേഷം നടത്തിയ പരിശോധനയില്‍ മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള നിരവധി വ്യാജ നോട്ടുകള്‍ അവരുടെ വാഹനത്തില്‍നിന്ന് കണ്ടെടുത്തു.

ഒന്‍പത് ലക്ഷംരൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് 11 ദിവസം നീണ്ട പൂജ നടത്താന്‍ 40 പുരോഹിതരെ അവര്‍ ക്ഷണിച്ചതെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പൂജ അവസാനിച്ചതോടെ പുരോഹിതര്‍ക്ക് സ്ത്രീ പണമടങ്ങിയ ബാഗ് കൈമാറി. പുരോഹിതര്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുടെ മുകള്‍ഭാഗത്ത് മാത്രം യഥാര്‍ഥ നോട്ടുകളും ഉള്‍വശത്ത് വ്യാജ നോട്ടുകളുമാണ് വച്ചിരിക്കുന്നതെന്ന് മനസിലായത്. 5.53 ലക്ഷം രൂപയ്ക്ക് തുല്യമായ വ്യാജ നോട്ടുകളാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.