kerala

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങിയിട്ട് മാസങ്ങള്‍; ഇന്നലെ മാത്രം അറസ്റ്റിലായത് 103 പേര്‍

By webdesk18

June 09, 2025

തിരുവനന്തപുരം: കേരളത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങിയിട്ട് മാസങ്ങള്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 103 പേര്‍. മയക്കുമരുന്ന് വില്‍ക്കപ്പെടുന്നുണ്ട് എന്ന് സംശയിക്കുന്ന 1866 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈയ്യില്‍ വെച്ചതിന് 92 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ എല്ലാം കൂടി എംഡിഎംഎ (8.96ഗ്രാം),കഞ്ചാവ് (8171ഗ്രാം), കഞ്ചാവ് ബീഡി (65എണ്ണം)എന്നിവ പോലീസ് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നവരെയും വിതരണം ചെയുന്നവരെയും കണ്ടെത്തി ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായ ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങി വച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നിലവിലുള്ളതിനാല്‍ പെതുജനങ്ങള്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനാവുന്നതാണ്. ഈ നമ്പറില്‍ (9497927797) ബന്ധപ്പെട്ടാല്‍ പങ്കുവയ്ക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും.

മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്‍രെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക്ക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.