india

യുപിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പൂജ ഖേദ്കറുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

By webdesk13

January 15, 2025

2022ലെ യുപിഎസ്‍സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് മുന്‍ ഐഎഎസ് പ്രൊബേഷണറി ഓഫീസര്‍ പൂജ ഖേദ്കറുടെ അറസ്റ്റ് സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. മുന്‍കൂര്‍ ജാമ്യം തേടിയുള്ള പൂജ ഖേദ്കറുടെ ഹര്‍ജിയില്‍ ഡല്‍ഹി പോലീസിനും യുപിഎസ്സിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഫെബ്രുവരി 14 ന് കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റി. പൂജയ്‌ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു.

സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷയിലെ വിവരങ്ങള്‍ തെറ്റായി പ്രതിനിധീകരിച്ചുവെന്നാണ് പൂജ ഖേദ്കറിനെതിരെയുള്ള ആരോപണം. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും പൂജ നിഷേധിച്ചു.

വികലാംഗ, പിന്നാക്ക വിഭാഗ ക്വോട്ടകൾ ചൂഷണം ചെയ്താണ് പൂജ സർവീസിൽ എത്തിയെന്നാണ് ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം പാനൽ രുപീകരിച്ചിരുന്നു. 2023 ഐഎഎസ് ബാച്ചിലെ പ്രൊബേഷണറി ഓഫീസർ ആയ പൂജയുടെ സർട്ടിഫിക്കറ്റുകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കാൻ അഡീഷണൽ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തിയത്.

അഖിലേന്ത്യാ തലത്തിൽ 841 ആണ് ആയിരുന്നു പൂജ ഖേദ്കറുടെ റാങ്ക്. എന്നാൽ കാഴ്ച, മാനസിക വെല്ലുവിളി നേരിടുന്നയാൾ ആണെന്ന രേഖകൾ സമർപ്പിച്ചും ഒബിസി ആണെന്ന് അവകാശപ്പെട്ടുമാണ് പൂജ നിയമനം നേടിയത്. കുറഞ്ഞ മാർക്ക് ഉണ്ടായിരുന്നിട്ടു കൂടി ഈ ഇളവുകൾ കൊണ്ടാണ് പൂജ നിയമനം സാധ്യമാക്കിയത്.

പൂജയുടെ വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകണമെന്ന് യുപിഎസ്‌സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആറ് തവണയും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് പൂജ വൈദ്യപരിശോധനയിൽ നിന്ന് ഒഴിവാകുകയായിരുന്നു.

ആദ്യ മെഡിക്കൽ പരിശോധന 2022 ഏപ്രിലിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പോസിറ്റീവ് ആയെന്ന് അറിയിച്ച് പൂജ ഈ പരിശോധന ഒഴിവാക്കി. പിന്നീട് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഓരോരോ കാരണങ്ങളാൽ പൂജ പരിശോധനക്ക് എത്തിയില്ല.ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് വെച്ചതും അഡീഷണൽ കളക്ടറുടെ മുറി കൈയേറിയതും സംബന്ധിച്ച വിവാദങ്ങളും പൂജയ്ക്കെതിരെ ഉയർന്നിരുന്നു.