india

നടി ഊര്‍മിള മതോണ്ഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു

By Test User

December 01, 2020

മുംബൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച നടി ഊര്‍മിള മതോണ്ഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു. സേനാ അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.

നേരത്തെ, ഗവര്‍ണറുടെ ക്വാട്ടയില്‍ സേന ഇവരെ ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. ഗവര്‍ണര്‍ ബിഎസ് കോഷ്യാരിയുടെ അനുമതി കൂടി ഇതിന് കിട്ടേണ്ടതുണ്ട്. ഇതിനു പിന്നാലെയാണ് ഇവര്‍ പാര്‍ട്ടിയിലേക്ക് ചേക്കേറിയത്.

2019ലെ പൊതു തെരഞ്ഞെടുപ്പിന് ആറു മാസം മുമ്പാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയിരുന്നത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് ഇവരെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിജെപിയുടെ സിറ്റിങ് എംഎല്‍എ ഗോപാല്‍ ഷെട്ടിയോട് ഊര്‍മിള തോല്‍ക്കുകയായിരുന്നു.