News

ഇറാനെതിരെ അമേരിക്കയുടെ ആക്രമണം; വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍

By webdesk17

June 22, 2025

ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിച്ച് ഇറാന്‍. വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി.

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ അമേരിക്ക നേരിട്ട് ആക്രമിച്ചിരിക്കുകയായിരുന്നു. ഇറാനെതിരെ ഇസ്രാഈല്‍ സൈനിക നടപടി ആരംഭിച്ചതോടെയാണ് യുഎസ് ആക്രമണം ഉണ്ടായത്.

അമേരിക്ക അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്ന് ആക്രമണത്തിനു ശേഷം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചിരുന്നു. ‘ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമായ അമേരിക്ക ഇറാന്റെ സമാധാനപരമായ ആണവ സ്ഥാപനങ്ങളെ ആക്രമിച്ചതിലൂടെ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും എന്‍പിടിയുടെയും (ആണവ നിര്‍വ്യാപന ഉടമ്പടി) ഗുരുതരമായ ലംഘനമാണ് നടത്തിയത്.’ അരാഗ്ചി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഇറാന്റെ പരമാധികാരം, താല്‍പ്പര്യങ്ങള്‍, ജനങ്ങള്‍ എന്നിവയെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഇറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിലൂടെ യുഎസ് അപകടകരമായ യുദ്ധം ആരംഭിച്ചതായി ഇറാന്‍ മന്ത്രാലയം അറിയിച്ചു. ‘നയതന്ത്ര പ്രക്രിയക്കിടയില്‍ നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്.’ ഇറാന്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണങ്ങള്‍ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്നും ഈ ഹീനമായ കുറ്റകൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.