കാരക്കാസ്: വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ബന്ദിയാക്കി രാജ്യത്തുനിന്ന് പുറത്തേക്ക് കൊണ്ട് പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വെനസ്വേലയിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെയും അമേരിക്ക ആക്രമണം നടത്തി. വെനസ്വേലയിലെ തലസ്ഥാനമായ കാരക്കാസിന് സമീപമുള്ള ഹിഗരറ്റ് വിമാനത്താവളം ഉള്‍പ്പെടെ നാലോളം വിമാനത്താവളങ്ങളാണ് ആക്രമണത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് വിവരം. പുലര്‍ച്ചെ 1.50 ഓടെയാണ് ആദ്യ പൊട്ടിത്തെറി ശബ്ദം കേട്ടതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപ കെട്ടിടങ്ങളുടെ ജനലുകള്‍ വരെ നടുങ്ങിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ഓസ്മാരി ഹെര്‍ണാണ്ടസ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. പൊട്ടിത്തെറിക്കു പിന്നാലെ ആകാശത്ത് വിമാനങ്ങളുടെ ശബ്ദം കേട്ടതായും ഓറഞ്ച് നിറത്തിലുള്ള അഗ്‌നിയുടെ പ്രഭ ദൃശ്യമാകുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാരക്കാസിന് പുറമേ ലാ ഗുയറയിലും ആക്രമണം ഉണ്ടായതായാണ് വെനസ്വേലയിലെ പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാന്‍ ഒരു രീതിയിലും അനുവദിക്കാത്ത തരത്തിലുള്ള ആക്രമണമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വെനസ്വേലയ്ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ വെനസ്വേലയ്ക്കുള്ളില്‍ കയറി ആക്രമണം നടത്താന്‍ സിഐഎയ്ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ വൈറ്റ് ഹൗസോ പെന്റഗണോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവവികാസങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.