News

വെടിനിര്‍ത്തല്‍ ലംഘനത്തിന് ഹമാസിനെ കുറ്റപ്പെടുത്തി അമേരിക്ക; ‘നല്ലപോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും”: മുന്നറിയിപ്പുമായി ട്രംപ്

By webdesk18

October 21, 2025

വാഷിങ്ടണ്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ ഉത്തരവാദിത്തം ഹമാസിന്റെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ”നല്ലപോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും” എന്നായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്.

”ഞങ്ങള്‍ ഹമാസുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അവര്‍ ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടിയുണ്ടാകും. ഇസ്രഈലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ആക്രമണം നടത്തും. പക്ഷേ, ഇപ്പോള്‍ അവര്‍ക്കൊരു അവസരം നല്‍കുകയാണ്,” എന്ന് ട്രംപ് വ്യക്തമാക്കി.

അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും തളര്‍ന്നിരിക്കുകയാണ്. ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കരാര്‍ നിലവില്‍ വന്നതിനു ശേഷം ആകെ 100ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗസ്സ സര്‍ക്കാര്‍ ഓഫീസ് അറിയിച്ചു.

യുദ്ധവിരാമത്തിന്റെ പശ്ചാത്തലത്തില്‍ വീടുകളിലേക്കു മടങ്ങിയ ഫലസ്തീനികള്‍, വീണ്ടും വ്യോമാക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. അഭയാര്‍ഥി ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്നു.

അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ശക്തമായി.

ഇസ്രഈല്‍ സൈന്യം സ്ഥിരീകരിച്ചതനുസരിച്ച്, റഫ അതിര്‍ത്തിക്ക് സമീപം ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. എന്നാല്‍, സംഘര്‍ഷം നടന്ന പ്രദേശം ഇസ്രഈല്‍ സൈനിക നിയന്ത്രണത്തിലാണെന്നും ഹമാസ് ഈ ആരോപണം നിഷേധിച്ചു.

ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഖത്തര്‍, ഈജിപ്ത് പ്രതിനിധികളെ കാണും. ഗസ്സയുടെ ഭരണം അടുത്ത ഘട്ടത്തില്‍ ആര്‍ക്കാണ് കൈമാറുക എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.

ഹമാസ് വ്യക്തമാക്കിയതനുസരിച്ച്, ട്രംപും ടോണി ബ്ലെയറും നയിക്കുന്ന വിദേശ സംഘത്തിന് ഗസ്സ ഭരണം കൈമാറാനില്ല. അതേസമയം, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറും ഇസ്രഈലിലെത്തി നെതന്യാഹുവുമായി ചര്‍ച്ച നടത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ന് ഇസ്രഈലില്‍ എത്തും.

റഫ അതിര്‍ത്തി തുറക്കുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ”പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ അതിര്‍ത്തി അടച്ചതായിരിക്കും,” എന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിലെ നാബുലുസില്‍ 70,000 ചതുരശ്ര മീറ്ററിലേറെ ഭൂമി ഇസ്രഈല്‍ പിടിച്ചെടുത്തതായും, ഈ വര്‍ഷം 53 പ്രദേശങ്ങളില്‍ ഇസ്രഈല്‍ അധിനിവേശം നടന്നതായും ഫലസ്തീന്‍ അധികാരികള്‍ ആരോപിച്ചു.