കാരക്കസ്: വെനിസ്വേലയിലെ തലസ്ഥാനമായ കാരക്കസിൽ നടത്തിയ അധിനിവേശത്തിനിടെ പ്രസിഡന്റ് നിക്കോളസ് മദൂറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും യു.എസ് സേന ബന്ദിയാക്കി ന്യൂയോർക്കിലേക്ക് മാറ്റിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ ഇരുവരെയും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ശനിയാഴ്ച പുലർച്ചെയാണ് മദൂറോയെയും ഭാര്യയെയും യു.എസ് സേന പിടികൂടിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ്. ‘ഇവോ ജിമ’ വിമാനവാഹിനി കപ്പലിലേക്കും അവിടെ നിന്ന് ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക താവളത്തിലേക്കും മാറ്റി. പിന്നീട് പ്രത്യേക വിമാനത്തിൽ ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ നാഷണൽ ഗാർഡ് ബേസിലെത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം പുലർച്ചെ രണ്ടോടെയാണ് കാരക്കസിൽ ആക്രമണം ആരംഭിച്ചത്. അരമണിക്കൂറോളം നീണ്ട നടപടിക്കിടെ പല സ്ഥലങ്ങളിലും സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഹെലികോപ്റ്ററുകൾ താഴ്ന്ന് പറന്നതായും പിന്നീട് കരയാക്രമണം നടന്നതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
ആക്രമണത്തിന്റെ പ്രാഥമിക വിവരങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ടു. സുരക്ഷിതമായ അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ വെനിസ്വേലയെ അമേരിക്ക നിയന്ത്രിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മദൂറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടുമെന്നും ആവശ്യമായാൽ വീണ്ടും ആക്രമണം നടത്തുമെന്നും ട്രംപ് പറഞ്ഞു. വെനിസ്വേലയിലെ എണ്ണ ഉൽപ്പാദനം വർധിപ്പിക്കാൻ യു.എസ് കമ്പനികൾ രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എസ് നടപടിക്കെതിരെ അന്താരാഷ്ട്രതലത്തിൽ കടുത്ത പ്രതികരണങ്ങളുയർന്നു. ഐക്യരാഷ്ട്ര സഭ അടിയന്തര യോഗം വിളിക്കണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെനിസ്വേല–യു.എസ് സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് സ്പെയിൻ സന്നദ്ധത അറിയിച്ചു.
റഷ്യൻ വിദേശകാര്യ മന്ത്രാലയം യു.എസ് നടപടിയെ ശക്തമായി അപലപിച്ചു. ആക്രമണത്തിന് യാതൊരു ന്യായവുമില്ലെന്നും ഇത് നയതന്ത്രത്തെ അവഗണിക്കുന്ന നടപടിയാണെന്നും മന്ത്രാലയം പറഞ്ഞു. ഇറാൻ വെനിസ്വേലയിലെ സ്വയംനിർണയാവകാശത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിശേഷിപ്പിച്ചപ്പോൾ, ക്യൂബൻ പ്രസിഡന്റ് യു.എസ് നടപടിയെ “ക്രിമിനൽ ആക്രമണം” എന്നു വിമർശിച്ചു.
അതേസമയം, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് യു.എസ് നടപടിയെ പ്രശംസിച്ചു. “സ്വാതന്ത്ര്യം നീണ്ടാൾ വാഴട്ടെ; മദൂറോ ഭരണണം തുലയട്ടെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജർമ്മനി വിഷയത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. ഇറ്റലി ആശങ്ക രേഖപ്പെടുത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് വ്യക്തമാക്കി.