News

കൂടുതല്‍ രാജ്യങ്ങള്‍ക്കും ഫലസ്തീന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്കും യാത്രാ വിലക്കേര്‍പ്പെടുത്തി യു.എസ്

By webdesk18

December 17, 2025

കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി സിറിയ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഫലസ്തീന്‍ അതോറിറ്റി പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കുമാണ് പുതുതായി ട്രംപ് ഭരണകൂടം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ, അമേരിക്ക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 30 ആയി ഉയര്‍ന്നു. കഴിഞ്ഞ ജൂണില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൂര്‍ണ യാത്രാ വിലക്കും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

യു.എസിലെ വൈറ്റ്ഹൗസിന് മുന്നില്‍ അഫ്ഗാന്‍ പൗരന്‍ നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് അനധികൃത കുടിയേറ്റ തടയുന്നതിനായി യാത്രാവിലക്ക് പട്ടിക വിപുലീകരിക്കാന്‍ തീരുമാനിച്ചത്. വെടിവെപ്പില്‍ രണ്ട് ദേശീയ സുരക്ഷാ സേന അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ പൗരന്മാരുടെ വിസ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ബുര്‍കിന ഫാസോ, മാലി, നൈജര്‍, സൗത് സുഡാന്‍, സിറിയ എന്നിവയാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയില്‍ ഇടം നേടിയത്. ഇതിന് പുറമെ, ഫലസ്തീന്‍ അതോറിറ്റിയുടെ പാസ്‌പോര്‍ട്ട് കൈവശമുള്ള വിദേശ പൗരന്മാര്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. നേരത്തെ ഭാഗിക നിയന്ത്രണമുള്ള ലാവോസ്, സിയറ ലിയോണ്‍ രാജ്യങ്ങള്‍ക്ക് പൂര്‍ണ വിലക്കും ഏര്‍പ്പെടുത്തി.

അഴിമതി, വ്യാജ യാത്രാ രേഖകള്‍, ക്രിമിനല്‍ പശ്ചാത്തലം എന്നിവയുള്ള വിദേശ പൗരന്മാര്‍ കൂടിയേറുന്നതിലൂടെ തങ്ങളുടെ പൗരന്മാര്‍ക്കും രാജ്യത്തിനും സുരക്ഷാ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം വിപുലീകരിക്കുന്നതെന്ന് ട്രംപ് ഭരണകൂടം വിശദീകരിച്ചു. വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ വിസ ?അപേക്ഷകളില്‍ പരിശോധന ബുദ്ധിമുട്ടുണ്ടെന്നും, വിസ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ താമസിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നും വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ പരിശോധനക്കിടെ പിടിക്കപ്പെടുന്നവരെ തങ്ങളുടെ രാജ്യങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നതായും പ്രസ്താവനയില്‍ വിശദീകരിച്ചു.