ടെഹ്റാന്‍/അങ്കാറ: പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉര്‍ദുഗാന്‍ സന്നദ്ധത അറിയിച്ചത്. മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിനായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ‘ഫെസിലിറ്റേറ്റര്‍’ ആയി പ്രവര്‍ത്തിക്കാന്‍ തുര്‍ക്കിക്ക് സാധിക്കുമെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നിലവില്‍ തുര്‍ക്കിയില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് ഉര്‍ദുഗാന്റെ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന സൂചന നല്‍കി. ‘സൈനിക നടപടി ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇറാനുമായി ചര്‍ച്ച നടത്താന്‍ പദ്ധതിയുണ്ട്’ എന്ന് ട്രംപ് അറിയിച്ചു. എന്നാല്‍ ഇറാന്‍ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നായിരുന്നു അമേരിക്കയുടെ പ്രധാന ആവശ്യം.
അതേസമയം യു.എസ് ആക്രമണമുണ്ടായാല്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും വിമാനവാഹിനിക്കപ്പലുകളും തകര്‍ക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രമീനിയ മുന്നറിയിപ്പ് നല്‍കി.