മസ്‌കറ്റ്: ഇറാനും അമേരിക്കയും തമ്മിലുള്ള നിര്‍ണായക ആണവ ചര്‍ച്ച നാളെ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി അറിയിച്ചു. തുര്‍ക്കിയില്‍ നടത്താനിരുന്ന ചര്‍ച്ച മസ്‌കറ്റിലേക്ക് മാറ്റണമെന്ന ഇറാന്റെ നിര്‍ദേശം അമേരിക്ക അംഗീകരിച്ചതോടെയാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.
ഇറാനുമായി നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. തുര്‍ക്കിയുമായല്ല, നേരിട്ട് ഇറാനിയന്‍ പ്രതിനിധികളുമായാണ് ആണവ ചര്‍ച്ച നടത്തുകയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിനെ ലക്ഷ്യമാക്കി എത്തിയ ഇറാന്റെ ഡ്രോണ്‍ അമേരിക്കന്‍ സൈന്യം വെടിവച്ചിടുകയും, അമേരിക്കന്‍ പതാകയുള്ള കെമിക്കല്‍ ടാങ്കര്‍ പിടിച്ചെടുക്കുമെന്ന് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. ഈ സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് ചര്‍ച്ച സ്ഥിരീകരിച്ചിരിക്കുന്നത്.
ആണവ വിഷയത്തിന് പുറമെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, മേഖലയിലെ പ്രോക്‌സി സംഘടനകള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ, ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ ഉള്‍പ്പെടാമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.
നിര്‍ണായക ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഒമാനിലെ സഹോദരങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായി വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി പ്രതികരിച്ചു.
ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമിച്ചാല്‍ അമേരിക്ക തിരിച്ചടി നല്‍കുമെന്ന് വാഷിംഗ്ടണ്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കഇറാന്‍ സംഘര്‍ഷം കൂടുതല്‍ വഷളായത്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും ചര്‍ച്ചാ മേശയിലേക്കെത്തുന്നത്.