പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷഭീതിയുണര്‍ത്തി അമേരിക്കന്‍ നാവികസേനയുടെ ശക്തമായ നീക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച അര്‍മഡ സൈനികവ്യൂഹം ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് നീങ്ങുകയാണ്. അമേരിക്കഇറാന്‍ സൈനിക ഏറ്റുമുട്ടല്‍ സാധ്യത ശക്തമായിരിക്കെ മേഖലയിലെ സാഹചര്യം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കപ്പെടുന്നത്.
ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന നാവികവ്യൂഹത്തില്‍ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ്‍, ടോമഹോക്ക് മിസൈലുകള്‍ വഹിക്കുന്ന മൂന്ന് ഡിസ്‌ട്രോയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മലാക്ക കടലിടുക്കിലൂടെ സഞ്ചരിച്ച ശേഷം പേര്‍ഷ്യന്‍ ഗള്‍ഫിലേക്കാണ് വ്യൂഹത്തിന്റെ നീക്കം. നിലവില്‍ ഇത് ആന്‍ഡമാന്‍ കടലിലൂടെയാണ് സഞ്ചരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ, ഒരു ഡസനോളം എഫ്-15ഇ യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.
അമേരിക്കയുടെ നീക്കങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഭീഷണികള്‍ക്ക് മുന്നില്‍ പ്രതിരോധം തകരില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സൈന്യം അതീവ ജാഗ്രതയിലാണ് എന്നും മോശമായ സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജത കൈവരിച്ചിട്ടുണ്ടെന്നും ഇറാന്‍ അധികൃതര്‍ അറിയിച്ചു.
ഇതിനിടെ, സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) വ്യക്തമായ നിലപാട് പ്രഖ്യാപിച്ചു. ഇറാനെതിരായ ഏതൊരു സൈനിക നടപടിക്കും സ്വന്തം എയര്‍ സ്‌പേസ് അനുവദിക്കില്ലെന്ന് യുഎഇ അറിയിച്ചു. സമുദ്ര അതിര്‍ത്തികളും കരഭാഗവും ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും, യുദ്ധനടപടികള്‍ക്ക് ഒരു തരത്തിലുള്ള സഹായവും നല്‍കില്ലെന്നും യുഎഇ വ്യക്തമാക്കി. മേഖലയിലെ സംഘര്‍ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളൊന്നും യുഎഇയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ സൈനിക സമ്മര്‍ദ്ദം മേഖലയുടെ സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.