ന്യൂയോര്‍ക്ക്: കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് 2020 യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കി. മത്സരത്തിനിടെ ദേഷ്യത്തിലായ ജോക്കോവിച്ച് പുറത്തേക്കടിച്ച അടിച്ച പന്ത് ലൈന്‍ റഫറിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് യു.എസ് ഓപ്പണില്‍ നിന്നും ജോക്കാവിച്ച് അയോഗ്യനാക്കിയത്.

ജോക്കോവിച്ചും സ്പെയ്നിന്റെ പാബ്ലോ കാരനോ ബുസ്റ്റയുമായുള്ള മത്സരത്തിന്റെ ആദ്യ സെറ്റ് പുരോഗമിക്കെ ആയിരുന്നു സംഭവം. പോയിന്റ് നിലയില്‍ പുറകില്‍ നില്‍ക്കുകയായിരുന്നു ജോക്കോവിച്ച്. ഇതിനിടിയിലാണ് കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്‍ റഫറിയുടെ തൊണ്ടയില്‍ തട്ടിയത്.
വേദന കൊണ്ട് പുളഞ്ഞ വനിതാ റഫറി അവിടെ വീണുപോവുകയായിരുന്നു. വേദനയില്‍ നിലവിളിച്ച് റഫറിയുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ ജോക്കോവിച്ച് അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ പരിശോധനക്ക് പിന്നാലെ റഫറിമാരും ഗ്രാന്‍സ് ലാം കോഡിനേറ്ററും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ജോക്കോവിച്ചിനെ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍, താന്‍ മനപ്പൂര്‍വ്വമല്ല പന്ത് അവര്‍ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ടൂര്‍ണമെന്റ് നിയമപ്രകാരമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി. ഗ്രാന്‍സ്ലാം നിയമപ്രകാരം കോര്‍ട്ടില്‍വെച്ച് എതിര്‍ക്കളിക്കാരനോ റഫറിക്കോ കാഴ്ചക്കാരനോ ആര്‍ക്കെതിരെ പന്തടിച്ചാലും അയോഗ്യനാക്കപ്പെടും. ജോക്കോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ പാബ്ലോ കാരനോ ബുസ്റ്റയെ വിജയിയായി പ്രഖ്യാപിച്ചു. ലോകതാരങ്ങളായ ഫെഡറര്‍ക്കും നെതാലിനും നേരത്തെ സമാന അനുഭവങ്ങളുണ്ടായിരുന്നു.