News

ദക്ഷിണ ചൈനാ കടലില്‍ യു.എസ് വിമാനവും ഹെലികോപ്ടറും തകര്‍ന്നു: അഞ്ചു ജീവനക്കാരെ രക്ഷപ്പെടുത്തി

By webdesk18

October 27, 2025

ബെയ്ജിങ്: യു.എസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ‘യു.എസ്.എസ് നിമിറ്റ്‌സ്’-ല്‍ നിന്നുയര്‍ന്ന ഒരു യുദ്ധവിമാനവും ഒരു ഹെലികോപ്ടറും ദക്ഷിണ ചൈനാ കടലില്‍ 30 മിനിറ്റിനുള്ളില്‍ തകര്‍ന്നുവീണത് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്.

തകര്‍ന്നത് ‘എം.എച്ച്-60 ആര്‍ സീ ഹോക്ക്’ ഹെലികോപ്റ്ററും ‘എഫ്/എ-18 എഫ് സൂപ്പര്‍ ഹോര്‍നെറ്റ്’ യുദ്ധവിമാനവുമാണ്. ഹെലികോപ്ടറിലെ മൂന്ന് ജീവനക്കാരെയും യുദ്ധവിമാനത്തിലെ രണ്ട് വൈമാനികരെയും സുരക്ഷിതമായി പുറത്തെടുത്തതായി യു.എസ് നാവികസേന അറിയിച്ചു. അപകടങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണ്.

യു.എസ് നാവികസേന അപകടം സ്ഥിരീകരിച്ചെങ്കിലും വിമാനങ്ങള്‍ അന്ന് ഏത് ദൗത്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനെ സൈനിക പ്രകടനത്തിനിടെ നടന്ന അപകടം എന്ന് വിശേഷിപ്പിച്ചു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ പര്യടനത്തിന് മുന്നോടിയായാണ് ഈ സംഭവം. വ്യാപാര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു അപകടം നടന്നത്.

ദക്ഷിണ ചൈനാ കടലില്‍ യു.എസ് നാവികസേനയുടെ സ്വാതന്ത്ര്യ നാവിഗേഷന്‍ ദൗത്യങ്ങള്‍ ചൈനയെ ഏറെ പ്രകോപിതരാക്കാറുണ്ട്. യു.എസ് അഭിപ്രായത്തില്‍, അന്താരാഷ്ട്ര നിയമം അനുസരിച്ച് എല്ലാ രാജ്യങ്ങള്‍ക്കും സമുദ്ര ഗതാഗതത്തിലും വ്യോമ ഗതാഗതത്തിലും സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നു. എന്നാല്‍ ചൈന ഇത് നിയമവിരുദ്ധ ഇടപെടലെന്ന് കുറ്റപ്പെടുത്തുന്നു.

ചൈന ദക്ഷിണ ചൈനാ കടലിലെ മിക്ക ദ്വീപുകളുടെയും മേല്‍ പരമാധികാരം അവകാശപ്പെടുന്നുണ്ടെങ്കിലും ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്‌നാം, ബ്രൂണൈ, തായ്വാന്‍ എന്നിവയും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. 2016-ല്‍ ഹേഗ് ട്രൈബ്യൂണല്‍ ചൈനയുടെ അവകാശവാദം തള്ളുകയും ഫിലിപ്പീന്‍സിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യു.എസ്.എസ് നിമിറ്റ്‌സ് ഇപ്പോള്‍ ഡീ കമീഷന്‍ ചെയ്യുന്നതിനുമുമ്പുള്ള അവസാന വിന്യാസത്തിലാണ്. വേനല്‍ക്കാലത്ത് യമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരായ യു.എസ് പ്രത്യാക്രമണത്തിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലായിരുന്നു ഇതിന്റെ സ്ഥാനം. ഇപ്പോള്‍ വാഷിങ്ടണിലെ നേവല്‍ ബേസ് കിറ്റ്‌സാപ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു വിമാനം പറന്നുയര്‍ന്നത്.

ഈ വര്‍ഷം നാവികസേനയ്ക്ക് നഷ്ടമായ 60 മില്യണ്‍ ഡോളര്‍ വിലയുള്ള യുദ്ധവിമാനങ്ങളില്‍ നാലാമത്തേതാണ് എഫ്/എ-18. കഴിഞ്ഞ ഡിസംബറില്‍ യു.എസ്.എസ് ഗെറ്റിസ്ബര്‍ഗ് കപ്പലില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റുവീണതും ഏപ്രിലില്‍ ചെങ്കടലില്‍ മറ്റൊരു എഫ്/എ-18 വീണതും യു.എസ് നാവികസേന നേരിട്ട മറ്റു അപകടങ്ങളാണ്.