News

യുഎസിലെ വിമാന ദുരന്തം; മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരായ ദമ്പതികളും

By webdesk17

January 30, 2025

യുഎസില്‍ 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഐസ് സ്‌കേറ്റിങ് ലോക ചാംപ്യന്‍മാരും പരിശീലകരുമായ റഷ്യന്‍ ദമ്പതികളും. മുന്‍ ലോക ചാംപ്യന്‍മാരായ യെവ്ജെനിയ ഷിഷ്‌കോവ, വാദിം നൗമോവ് എന്നിവരും അപകടത്തില്‍ മരിച്ചതായാണ് വിവരം.

1994ല്‍ ഫിഗര്‍ സ്‌കേറ്റിങില്‍ ലോക ചാംപ്യന്‍മാരായിരുന്നു. 1998 മുതല്‍ ദമ്പതികള്‍ അമേരിക്കയിലാണ് താമസിച്ചിരുന്നത്. അമേരിക്കന്‍ സ്‌കേറ്റിങ് താരവും ഇവരുടെ മകനുമായ മാക്സിമും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ജെനിയ ഷിഷ്‌കോവയും വാദിം നൗമോവും സോവിയറ്റ് യൂണിയനു വേണ്ടി മത്സരിച്ച താരങ്ങളായിരുന്നു.

വിമാനാപകടത്തില്‍ ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനമാണ് ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് നദിയില്‍ പതിച്ചത്. രക്ഷാദൗത്യം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തായിരുന്നു അപകടം നടന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ യുഎച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് യാത്രക്കാരുമായി വരുകയായിരുന്ന വിമാനവുമായി കൂട്ടിയിടിച്ചത്. വിമാനത്തില്‍ 64 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. അതേസമയം പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

ഹെലിക്കോപ്റ്ററും നദിയില്‍ പതിച്ചതായാണ് വിവരം.