News

ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

By webdesk17

March 04, 2026

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയ്ക്ക് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ആക്രമണ സമയത്ത് കപ്പലില്‍ 180 പേരുണ്ടായിരുന്നതായാണ് വിവരം.

ശ്രീലങ്കയുടെ തെക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് ഏകദേശം 25 മൈല്‍ അകലെ വെച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 18 മുതല്‍ 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ‘മിലാന്‍’ നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പല്‍. കപ്പലിലുണ്ടായിരുന്ന ബാക്കി ഉദ്യോഗസ്ഥരെ കണ്ടെത്താനായി ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ, ഐആര്‍ഐഎസ് ദേനയ്ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ട് പെന്റഗണ്‍. ആക്രമണത്തില്‍ ഇറാന്‍ കപ്പലിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ പടക്കപ്പല്‍ യുഎസ് മുക്കിയതില്‍ ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വന്തം അയല്‍പക്കത്ത് സ്വാധീനമില്ലേയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. ഇന്ത്യയുടെ അയല്‍പ്പക്കവും വാഷിങ്ടണിനും ടെല്‍ അവീവിനും വിട്ടുകൊടുത്തോ എന്നും രാജ്യത്തെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുവാദം നല്‍കിയിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.