Culture

271 ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി അമേരിക്ക; വിശദവിവരങ്ങള്‍ നല്‍കണമെന്ന് ഇന്ത്യ

By chandrika

March 25, 2017

ന്യൂഡല്‍ഹി: അമേരിക്കയില്‍ കഴിയുന്ന 200ലേറെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം, നാടുകടത്തും മുമ്പ് ഇന്ത്യക്കാരെ കുറിച്ചുള്ള വിശദവിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. നാടുകടത്തപ്പെടുന്നവര്‍ ഇന്ത്യക്കാരാണ് ഉറപ്പുവരുത്താന്‍ പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ നല്‍കണമെന്നാണ് ഇന്ത്യ അറിയിച്ചത്. ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയ ശേഷം മാത്രമേ നാടുകടത്തല്‍ നടപടിയിലേക്ക് നീങ്ങാവൂ എന്നും അമേരിക്കന്‍ ഭരണകൂടടത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ യുഎസില്‍ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ വിദേശകാര്യ മന്ത്രി സുഷമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2009-2014 കാലഘട്ടത്തില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വാഷിങ്ടണ്‍ കേന്ദ്രീകരിച്ച് നടന്ന സമീപകാല സര്‍വേയില്‍ അഞ്ചു ലക്ഷത്തോളം വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ, അടുത്തകാലത്തായി യുഎസില്‍ ഇന്ത്യക്കാര്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.