india

487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി അമേരിക്ക തിരിച്ചയക്കും: വിദേശകാര്യ മന്ത്രാലയം

By webdesk17

February 07, 2025

അമേരിക്കയിലുള്ള 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൂടി ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര ഈ വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഈ സംഖ്യകള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ സൂചിപ്പിച്ചു.

ജനുവരി 5നാണ് നാടുകടത്തപ്പെട്ട 104 കുടിയേറ്റക്കാരുമായി യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത്സറില്‍ വന്നിറങ്ങിയത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ കര്‍ശന നടപടിയുടെ ഭാഗമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന് കീഴിലുള്ള ആദ്യത്തെ നാടുകടത്തലിന്റെ തുടക്കം കുറിക്കലായിരുന്നു ഇത്.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുമ്പോള്‍ കൈകളും കാലുകളും വിലങ്ങിട്ടതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. 2009 മുതല്‍ ആകെ 15,668 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യു.എസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി വിദേശകാര്യ മന്ത്രി അടുത്തിടെ അറിയിച്ചിരുന്നു.