News

ഇറാനെതിരെ യു.എസ് ഉപരോധം കടുപ്പിച്ചു

By sreenitha

January 18, 2026

വാഷിങ്ടൺ: സൈനിക നടപടിയിൽ നിന്ന് താൽക്കാലികമായി പിന്മാറിയതിന് പിന്നാലെ ഇറാനെതിരെ സാമ്പത്തിക സമ്മർദം ശക്തമാക്കി അമേരിക്ക. ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്നാരോപിച്ച് ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ യു.എസ്. ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.

ദേശീയ സുരക്ഷ കൗൺസിൽ തലവനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനയിയുടെ അടുത്ത അനുയായിയുമായ അലി ലാരിജാനി ഉൾപ്പെടെയുള്ള നേതാക്കളാണ് ഉപരോധ പട്ടികയിൽ. പ്രക്ഷോഭങ്ങൾക്കെതിരായ നടപടികൾ ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് യു.എസ്. ആരോപിച്ചു.

ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡിന്റെ കമാൻഡർമാരും നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉപരോധത്തിനിരയായി. ഉപരോധത്തിൽ ഉൾപ്പെട്ടവർക്ക് യു.എസുമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ വിലക്കുണ്ട്. ഇറാൻ എണ്ണ വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇയിലെ ചില സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി. യു.എസിന്റെ സുരക്ഷാ പങ്കാളിയായ യു.എ.ഇയുടെ സഹായത്തോടെ ഇറാൻ ഉപരോധങ്ങൾ മറികടന്നിരുന്നുവെന്നാണ് ട്രഷറി വകുപ്പിന്റെ ആരോപണം.

പ്രതിഷേധകരെതിരേ അക്രമം തുടരുകയാണെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ മേഖലയിൽ ആവശ്യമായ സൈനിക ശക്തിയില്ലെന്ന വിദഗ്ധോപദേശത്തെ തുടർന്ന് ആക്രമണത്തിൽ നിന്ന് ട്രംപ് താൽക്കാലികമായി പിന്മാറിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാനെ ആക്രമിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക ഗൾഫ് രാജ്യങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ഭാവിയിൽ യു.എസ്. സൈനിക സാന്നിധ്യം വർധിച്ചാൽ ആക്രമണ സാധ്യത നിലനിൽക്കുന്നതായും ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ സൂചന നൽകുന്നു.

സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തോടുള്ള അസന്തോഷവും മൂലം കഴിഞ്ഞ മാസം ആരംഭിച്ച പ്രതിഷേധങ്ങൾ തലസ്ഥാനമായ തെഹ്റാനും കടന്ന് രാജ്യവ്യാപകമായി പടരുകയാണ്. പ്രക്ഷോഭങ്ങളിൽ ഇതുവരെ 2,600-ലധികം പേർ കൊല്ലപ്പെട്ടതായും 19,000-ത്തിലധികം പേർ അറസ്റ്റിലായതായും ഇറാനിലെ യു.എസ്. ആസ്ഥാനമായ മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.