News

ഇറാനോട് ചേർന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ; പ്രതിഷേധങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടെന്ന റിപ്പോർട്ടിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്

By sreenitha

January 23, 2026

വാഷിങ്ടൺ: ഭരണകൂടത്തിനെതിരായ പ്രതിഷേധം രൂക്ഷമായ ഇറാന്റെ സമീപത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ നീങ്ങുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇറാനിൽ 5,000ലധികം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇത് ഇറാൻ–യു.എസ് ബന്ധം കൂടുതൽ വഷളാക്കുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഇറാനിൽ ഇന്റർനെറ്റ് ബന്ധം പൂർണമായും വിച്ഛേദിച്ച സാഹചര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും യഥാർത്ഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നുമാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ.

ഇതിനിടെയാണ് പശ്ചിമേഷ്യ ലക്ഷ്യമിട്ട് ഒരു സംഘം അമേരിക്കൻ യുദ്ധക്കപ്പലുകൾ സഞ്ചരിക്കുന്നതായി ട്രംപ് വെളിപ്പെടുത്തിയത്. യുദ്ധക്കപ്പലുകൾ മുൻകരുതലിന്റെ ഭാഗമായാണ് അയച്ചതെന്നും സ്ഥിതി ഗുരുതരമായാൽ മാത്രമേ ഉപയോഗിക്കൂവെന്നും വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്തു.

ഇതുവരെ നേരിട്ടുള്ള ആക്രമണം നടന്നിട്ടില്ലെങ്കിലും സൈനിക ഇടപെടലിന്റെ സാധ്യത പൂർണമായി തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. യുദ്ധം ആരംഭിക്കുന്ന കാര്യത്തിൽ ട്രംപ് സൂക്ഷ്മത പുലർത്തുമെങ്കിലും, ഇത്രയും വലിയ സൈനിക സന്നാഹം വിന്യസിക്കുന്നത് ബലപ്രയോഗത്തിനുള്ള സൂചനയാണെന്ന ആശങ്കയും ആഗോള സുരക്ഷാ സംഘടനകൾ ഉയർത്തുന്നുണ്ട്.

യുദ്ധക്കപ്പലുകൾ ഉപയോഗിക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും ഈ നടപടി അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി. ഭാവിയിൽ ഉണ്ടാകാവുന്ന ആക്രമണങ്ങൾ കൂടുതൽ ശക്തമായിരിക്കുമെന്നും ട്രംപ് ഇറാനെ മുന്നറിയിപ്പ് നൽകി.

ഇറാനിൽ ഇതുവരെ 4,716 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായി യു.എസ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടന റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ 203 സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധങ്ങളുമായി ബന്ധമില്ലാത്ത 43 കുട്ടികളും 40 സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

26,800ലധികം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ഇറാൻ പുറത്തുവിട്ട മരണസംഖ്യ യാഥാർഥ്യത്തേക്കാൾ വളരെ കുറവാണെന്നും സംഘടന ആരോപിച്ചു. കൊല്ലപ്പെട്ടവരിൽ ചിലർ തീവ്രവാദികളാണെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വിശദീകരണം.