ലക്‌നൗ: നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാമെന്നും അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം.അറവുശാലകള്‍ സംസ്ഥാനത്ത് മലിനീകരണത്തിന് കാരണമാവുകയാണ്. സംസ്ഥാനത്തെ അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടുമെന്നും യോഗി പറഞ്ഞു. ഗുണ്ടാരാജ് അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായതിന് ശേഷം സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടുമെന്ന് യോഗി പറഞ്ഞിരുന്നു.

അതേസമയം, അറവുശാലകള്‍ പൂട്ടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ഉത്തര്‍പ്രദേശില്‍ ഇറച്ചിവില്‍പ്പനക്കാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്. മത്സ്യവില്‍പ്പനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനത്തോടെ സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ അറവുശാലകള്‍ക്കും പൂട്ടിടുകയാണ്. അറവുശാലകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന് ഇറച്ചിവില്‍പ്പനക്കാര്‍ പറയുന്നു.