ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട 26 പേരുടെ മൃതദേഹങ്ങള്‍ കിട്ടി. രുദ്രപ്രയാഗ് മേഖലയില്‍ നിന്നാണ് ഭൂരിഭാഗം മൃതദേഹങ്ങളും കണ്ടെത്തിയത്. 32 പേരെ രക്ഷപ്പെടുത്തി.

ദുരന്തത്തില്‍ കാണാതായവരുടെ എണ്ണത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 171 പേരെ കാണാതായി എന്ന് പൊലീസ് പറയുമ്പോള്‍ 197 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ലെന്നാണ് സംസ്ഥാന ദുരന്ത നിവാരണ സേന വ്യക്തമാക്കുന്നത്. 35 പേര്‍ ഇപ്പോഴും ടണലില്‍ കുടങ്ങിക്കിടക്കുന്നതായും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഋഷിഗംഗ പവര്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള 900 മീറ്റര്‍ നീളമുളള തുരങ്കത്തിലും വിഷ്ണുഗഡ് പവര്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുളള രണ്ടര കിലോമീറ്റര്‍ നീളമുളള തുരങ്കത്തിലുമാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പടെ തിരച്ചിലിനായി രംഗത്തുണ്ട്. കരസേനയും ഐടിബിപിയും എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും ഉള്‍പ്പെട്ട സംഘം രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ്.