News

അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ചെങ്ങന്നൂരും മൂന്നാറും ഓറഞ്ച് അലര്‍ട്ട്, പകല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത നിര്‍ദേശം

By vismaya

February 15, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം മൂന്നാര്‍ (ഇടുക്കി)യും ചെങ്ങന്നൂര്‍ (ആലപ്പുഴ)യും യുവി ഇന്‍ഡക്സ് 8 രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഇരിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചങ്ങനാശേരിയില്‍ യുവി ഇന്‍ഡക്സ് 7 രേഖപ്പെടുത്തി. സൂചിക 6ന് മുകളിലുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളും ഉഷ്ണമേഖലാ പ്രദേശങ്ങളും സാധാരണയായി ഉയര്‍ന്ന യുവി സൂചിക രേഖപ്പെടുത്തുന്നവയാണ്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യുവി തോത് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആലപ്പുഴ ജില്ലയില്‍ താരതമ്യേന ഉയര്‍ന്ന പ്രദേശമായ ചെങ്ങന്നൂരിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രം സ്ഥാപിച്ചിരിക്കുന്നത്. സാധാരണയായി പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ശരീരത്തില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിര്‍ദേശം ഉണ്ട്.

സൂര്യാഘാത സാധ്യത ഉയരുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയത്തും മാറ്റം വരുത്തി. ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പകല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേള അനുവദിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ ഉള്ള സമയപരിധിക്കുള്ളില്‍ 8 മണിക്കൂര്‍ ജോലി സമയം നിശ്ചയിച്ചിട്ടുണ്ട്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നടപ്പാക്കിയിട്ടുണ്ട്.