കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും, സമുദായ നേതാക്കളുമായി നല്ല സൗഹൃദത്തില്‍ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമുദായ നേതാക്കളുമായി തര്‍ക്കത്തിനില്ലെന്നും, എല്ലാവരുമായി നല്ല സൗഹൃദം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായാല്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഐഎം വര്‍ഗീയ രാഷ്ട്രീയത്തിന് ശ്രമിക്കുകയാണെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. മന്ത്രി സജി ചെറിയാനും എ.കെ. ബാലനും നടത്തിയ പ്രസ്താവനകള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും, ഇത് തരംതാണ വര്‍ഗീയ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ തന്നെ ആക്ഷേപിച്ച വ്യക്തിയാണ് സജി ചെറിയാനെന്നും, വാക്കിനും നാക്കിനും യാതൊരു നിയന്ത്രണവുമില്ലെന്നും വിമര്‍ശിച്ച സണ്ണി ജോസഫ്, സജി ചെറിയാന്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണോ എന്ന് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
വി.ഡി. സതീശനെതിരായ ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ശക്തമായി എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. സതീശനെ മാത്രമല്ല, ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ വിമര്‍ശിച്ചാലും കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സതീശനെ മാറ്റിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ജി. സുകുമാരന്‍ നായരുടെ പ്രതികരണം. ‘ഇന്നലെ പൂത്ത തകര’ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. ഇതിന് മറുപടിയായി, താന്‍ എതിര്‍ത്തത് വര്‍ഗീയതയെയാണെന്നും സമുദായ സംഘടനകള്‍ക്കെതിരെയല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.