india

വാക്‌സീന്‍ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

By Test User

January 02, 2021

ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സീന്‍ രാജ്യത്താകെ സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ മാത്രമായിരിക്കില്ല, രാജ്യത്താകെ വാക്‌സീന്‍ സൗജന്യമായിരിക്കും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

ശനിയാഴ്ച നാല് സംസ്ഥാനങ്ങളില്‍ നടക്കുന്ന വാക്‌സീന്‍ ഡ്രൈ റണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുള്ളതാണ്. വാക്‌സീന്‍ കൊടുക്കുന്ന കാര്യം ഒഴിച്ചാല്‍ ബാക്കി എല്ലാ കാര്യവും കൃത്യമായ രീതിയിലാണു ചെയ്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡല്‍ഹി ജിടിബി ആശുപത്രിയിലെത്തിയാണ് അദ്ദേഹം ഡ്രൈ റണ്‍ നടപടികള്‍ പരിശോധിച്ചത്.

അതേസമയം, അവസാന 24 മണിക്കൂറിൽ രാജ്യത്ത് 19,078 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 22,926 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 224 മരണങ്ങളുണ്ടായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.