News

വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു

By web desk 1

May 18, 2019

തലശ്ശേരി: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയിലെ പുതിയ സ്റ്റാന്റ് പരിസരത്ത് നില്‍ക്കുമ്പോഴാണ് നസീറിനെ മൂന്നംഗ സംഘം വെട്ടിയത്. കൈക്കും തലക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ച് വോട്ട് അഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.സംഭവത്തിന് മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആണെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞിരുന്നു.

മുന്‍ സി.പി.ഐ.എം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ തലശ്ശരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍.

‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം’ എന്ന പ്രചാരണ വാക്യത്തോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സി.ഒ.ടി നസീര്‍ മത്സരിച്ചിരുന്നത്. ആശയപരമായ ഭിന്നതകള്‍ കാരണം നസീര്‍ സി.പി.എം പാര്‍ട്ടിയുമായി തെറ്റിപ്പിരിയുകയായിരുന്നു.