kerala

വലിയങ്ങാടി കെട്ടിട അപകടം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

By webdesk17

February 24, 2026

കോഴിക്കോട് വലിയങ്ങാടിയില്‍ പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് നാല് പേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കും കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 70 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നു വീണ് അപകടമുണ്ടായത്. ജബ്ബാര്‍ (കിനാശ്ശേരി), അഷ്‌റഫ്, ബഷീര്‍ (അത്തോളി), വിനോദ് (തിരുവങ്ങൂര്‍) എന്നിവരാണ് അപകടത്തില്‍പെട്ട് മരിച്ച തൊഴിലാളികള്‍.

അപകടാവസ്ഥയിലുള്ള മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി സമയബന്ധിതമായി പുനരുദ്ധാരണം നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വരാനിരിക്കുന്ന മാര്‍ച്ച് മാസത്തിലെ സിറ്റിംഗില്‍ കമ്മീഷന്‍ ഈ കേസ് വിശദമായി പരിഗണിക്കും.

അതേസമയം കെട്ടിടം പൊളിച്ചുനീക്കാന്‍ നിര്‍ദ്ദേശമുണ്ടായിട്ടും, അത് മറികടന്ന് രണ്ടാഴ്ച മുന്‍പ് ഇവിടെ പുതിയ സ്ഥാപനത്തിന് അനുമതി നല്‍കിയത് വലിയ വിവാദമായിട്ടുണ്ട്.