തേഞ്ഞിപ്പലം: 102 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തിയ സ്ഥിതിക്ക് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ ഭരണത്തിന്റെ അവഗണനമൂലം നഷ്ടപ്പെട്ട പത്ത് വര്‍ഷത്തെ വികസന പദ്ധതികള്‍ ഓരോന്നായി നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമെന്ന് ടി.വി ഇബ്രാഹീം പറഞ്ഞു. അരലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തന്നെ തെരഞ്ഞടുത്തതില്‍ ജനങ്ങളോട് കടപ്പാടുണ്ട്.
ആ കടപ്പാട് ഈ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയായിരിക്കും പ്രയോഗവത്കരിക്കുക. വള്ളിക്കുന്നിനെ ഒരു മാതൃകാ മണ്ഡലമാക്കുന്നതിലായിരിക്കും തന്റെ ശ്രദ്ധ. പുതുതല മുറ ആഗ്രഹിക്കുന്ന തരത്തില്‍ ന്യൂജന്‍ കോഴ്‌സുകളോട് കൂടിയ സര്‍ക്കാര്‍ കോളേജ് കൊണ്ട് വരാനായി ശ്രമിക്കും. യൂണിവേഴ്‌സിറ്റി എഞ്ചിനീയറിങ് കോളജ് സര്‍ക്കാര്‍ മേഖലയിലേക്ക് മാറ്റാന്‍ ശ്രമിക്കും. സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗ കോഴ്‌സുകള്‍ തിരികെ കൊണ്ട് വരാനുള്ള സാധ്യതകള്‍ പരിശോധിക്കും. കാലിക്കറ്റില്‍ നിന്ന് വിദൂര വിദ്യാഭ്യാസം ഒഴിവാക്കിയതിലൂടെ മലബാറിലെ വിദ്യാര്‍ ഥികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന നടപടിയാണ് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ കൈക്കൊണ്ടത്. വിദ്യാഭ്യാസം അവകാശമായ ഈ കാലത്ത്
അതിന് ആവശ്യമായ പാശ്ചാത്തലം ഒരുക്കിക്കൊടുക്കാന്‍ ശ്രമം നടത്തും. കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കോഹിനൂറില്‍ നിന്ന് എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് പരിഗണിക്കും. ഫയര്‍ സ്റ്റേഷന്‍, ആലുംകടവ് റഗുലേറ്റര്‍ കംബ്രിഡ്ജ്, ഇരുമ്പോത്തിങ്ങല്‍ കടവ് പാലം, മണ്ണട്ടാംപാറ അണക്കെട്ട്, മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍, പള്ളിക്കല്‍, മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളുടെ വിഭജനം, പുതിയ വില്ലേജുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികള്‍ തന്നെ മുന്നിലുള്ള പ്രധാന പദ്ധതികളാണ്.
വള്ളിക്കുന്ന് തീരദേശ റോഡുകളുടെ പുനസ്ഥാപനം, മുതിയം പാലം നിര്‍മ്മാണം, തീരദേശത്തെ സി.ആര്‍. സെഡ് സോണ്‍ പ്രശ്‌നം പരിഹരിക്കല്‍, ഹാര്‍ബര്‍ നിര്‍മ്മാണം, പുലിചൂട്ട് നിര്‍മ്മാണം, വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, സ്റ്റേഡിയം നിര്‍മ്മാണം, ആനങ്ങാടി റെയില്‍വേ ഗേറ്റ്, വള്ളിക്കുന്ന് റയില്‍വേ സ്റ്റേഷന്‍ നവീകരണം, വ്യവസായ പാര്‍ക്കുകള്‍, നെല്‍കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, കുടിവെള്ള പദ്ധതി പൂര്‍ത്തീകരണം, കിഴക്കന്‍ തോട് നവീകരണം, റോഡ് നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കാനുണ്ട്.