kerala

വാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

By webdesk14

April 17, 2026

പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. ഒൻപത് മലയാളികളാണ് മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. പ്രധാന അധ്യാപിക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇതിൽ രണ്ട് പേരെ കോയമ്പത്തൂർ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി.

മരിച്ചവർ

1. അജിത (54)- പ്രധാന അധ്യാപിക, 2. റംല (52) – അധ്യാപിക, 3. സുഹറ (43) – അധ്യാപിക, 4. ആശ (41) – അധ്യാപിക, 5. മജീദ് (43)- അധ്യാപികൻ, 6. സാജിത (45)- പാചക തൊഴിലാളി, 7. ഷക്കീല (37)- അധ്യാപിക, 8. റുഖിയ (39)- മജീദ് മാഷിൻ്റെ ഭാര്യ, 9. ഹിഷാം (12)- സുഹറ ടീച്ചറുടെ മകൻ. ഇതിൽ അജിത മലപ്പുറം പുലാമന്തോൾ സ്വദേശിനിയാണ്. ബാക്കിയുള്ളവ‍ർ പാങ്ങ് സ്വദേശികളാണ്.

വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.