kerala

വാൻ ഹായ് 503 കപ്പൽ അപകടം; കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരമടിയും, എറണാകുളം മുതല്‍ കൊല്ലം വരെ ജാഗ്രതാ നിര്‍ദേശം

By webdesk14

June 14, 2025

അഴീക്കൽ തുറമുഖത്തിന് സമീപമായി തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിലെ കടലിൽപോയ കണ്ടെയ്‌നറുകൾ മറ്റന്നാൾ മുതൽ കേരള തീരത്ത് അടിയാൻ സാധ്യത. 16/06/2025, 18/06/2025 തീയതികൾ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ്.

എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകള്‍ അടിഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. കോസ്റ്റ് ഗാര്‍ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്‍ പ്രകാരമാണ് കണ്ടെയ്‌നറുകള്‍ എത്താനിടയുള്ള തീരങ്ങള്‍ വിലയിരുത്തിയത്.

കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വസ്തുക്കളില്‍ നിന്നും 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഈ മാസം ഒൻപതിനാണ് കണ്ണൂർ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂർ ചരക്ക് കപ്പലായ വാൻ ഹായ് 503 ന് തീപിടിക്കുന്നത്. കപ്പലിൽ ഉള്ളത് സ്ഫോടക വസ്തുക്കളും മാരക വിഷപദാർങ്ങളും അടങ്ങിയ വസ്തുക്കളാണ്. ഇന്നലെ ഹെലികോപ്റ്ററിൽ നിന്ന് തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കൽ പൗഡർ വിതറി ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഡെക്കിലുള്ള രാസവസ്തുക്കൾ മൂലം വൈകിട്ടോടെ വീണ്ടും തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ കപ്പലിലെ തീ നിയന്തരവിധേയമാക്കാൻ കഴിഞ്ഞെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.