kerala

തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും

By webdesk17

June 12, 2025

തിരുവനന്തപുരം: കേരള പുറംകടലില്‍ വെച്ച് തീപിടിച്ച വാന്‍ ഹായ് കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കും. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി എടുത്തതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കോസ്റ്റല്‍ പോലീസ് തേടിയിട്ടുണ്ട്.

അതേസമയം കപ്പലിലെ തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാസവസ്തുക്കള്‍ ഹെലികോപ്റ്ററിന്റെ സാഹയത്തോടെ കപ്പലില്‍ വിതറി തീയണക്കാനാണ് ശ്രമം. നിലവില്‍ അഞ്ച് കപ്പലുകളും രണ്ട് ഡൊര്‍ണിയര്‍ വിമാനങ്ങളും ഒരു ഹെലിക്കോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. കപ്പല്‍ 15 ഡിഗ്രിയോളം ചെരിഞ്ഞ അവസ്ഥയിലാണുള്ളത്. എന്നാല്‍ ഇത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍ വെല്ലുവിളിയാകുന്നുണ്ട്. കപ്പലിനെ ടഗ് ബോട്ടിന്റെ സഹായത്തോടെ ഉള്‍കടലിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

കൊളംബോയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ ഞായറാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ബേപ്പൂരില്‍ നിന്ന് 163 കിലോമീറ്റര്‍ മാറി പുറം കടലില്‍ വെച്ചാണ് കപ്പലിന് തീപിടിച്ചത്. അപകടത്തിന് പിന്നാലെ നാല് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ രക്ഷപ്പെടുത്തിയ പതിനെട്ടുപേര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. അതേസമയം കപ്പല്‍ പത്ത് ഡിഗ്രിയിലേറെ ചെരിഞ്ഞതിനാല്‍ കടലിലേക്ക് കണ്ടെയ്നറുകള്‍ വീഴാനും താപ, വാതക അപകടങ്ങള്‍ ഉണ്ടാവാനുമുള്ള സാധ്യതയും കൂടുകയാണ്. കപ്പലില്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയാനുള്ള സാധ്യത കുറവാണെങ്കിലും അത് മറ്റു കപ്പലുകളില്‍ പോയി ഇടിക്കുമോ എന്ന ആശങ്കയുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമാവാനുള്ള സാധ്യതയും കാണുന്നുണ്ട്.