News

സ്‌കൂള്‍ അസംബ്ലികളില്‍ വന്ദേ മാതരം നിര്‍ബന്ധമാക്കി; ദേശീയ ചടങ്ങുകള്‍ക്ക് ഏകീകൃത മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം

By Manya

February 11, 2026

ദില്ലി: രാജ്യത്ത് നടക്കുന്ന എല്ലാ ഔദ്യോഗിക ചടങ്ങുകളിലും ഇനി മുതല്‍ ജനഗണമന ആലപിക്കുന്നതിന് മുന്‍പ് വന്ദേ മാതരം ആറ് ചരണങ്ങള്‍ ആലപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ദേശീയ ഗീതത്തിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.

ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍, രാഷ്ട്രപതി-ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികള്‍, ദേശീയ പതാക പരേഡ്, പ്രത്യേക സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രസിദ്ധീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നിവയില്‍ മൂന്ന് മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വന്ദേ മാതരം ആലപിക്കണം. രാഷ്ട്രപതി പരിപാടിയില്‍ എത്തുമ്പോഴും മടങ്ങുമ്പോഴും, അഖിലേന്ത്യാ റേഡിയോയും ടെലിവിഷനും വഴിയുള്ള രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് മുന്‍പും ശേഷവും ഗാനം ആലപിക്കണമെന്നും നിര്‍ദേശമുണ്ട്.

സമാനമായി ഗവര്‍ണര്‍/ലെഫ്റ്റനന്റ് ഗവര്‍ണര്‍ പങ്കെടുക്കുന്ന സംസ്ഥാന പരിപാടികളിലും ഇത് ബാധകം. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ ന്യൂസ് റീല്‍, ഡോക്യുമെന്ററി സിനിമാ പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍ എഴുന്നേല്‍ക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകളില്‍ പ്രവര്‍ത്തിദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് ആരംഭിക്കണം. അസംബ്ലികളിലും സാധ്യമായ എല്ലാ പരിപാടികളിലും ഇത് നിര്‍ബന്ധമാക്കുന്നു. പൊതുചടങ്ങുകളില്‍ വന്ദേ മാതരത്തിന്റെ വരികള്‍ അച്ചടിച്ച് സദസില്‍ വിതരണം ചെയ്യണമെന്നും നിര്‍ദേശം നല്‍കുന്നു. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ ഗാനം ആലപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട ഏകീകൃത മാനദണ്ഡം ഉണ്ടായിരുന്നില്ല. 2025 ഡിസംബറില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയായിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. ദേശീയ ഗാനവുമായി ബന്ധപ്പെട്ട ചില വരികള്‍ കോണ്‍ഗ്രസ് വെട്ടിമാറ്റിയെന്ന വിമര്‍ശനവും ഭരണപക്ഷം ഉന്നയിച്ചിരുന്നു.മാതൃരാജ്യത്തോടുള്ള അഭിവാദനമായാണ് വന്ദേ മാതരം ആലപിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.