Article

വന്ദേമാതരവും സംഘപരിവാറും

By webdesk18

December 30, 2025

ഡോ.എം.കെ മുനീര്‍

വന്ദേമാതരത്തിന്റെ നൂറ്റിഅമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം നടത്തിയ ചര്‍ച്ചയുടെ ലക്ഷ്യം അനാവശ്യ വിവാദങ്ങളുയര്‍ത്തി രാജ്യത്തിന്റെ സമാധാനം ഇല്ലാതാക്കുകയെന്നതു മാത്രമാണ്. ഭാഗികമായി നോക്കിയാല്‍ പ്രത്യക്ഷത്തില്‍ ഇതൊരു ദേശഭക്തി ഗാനമായി തോന്നുമെങ്കിലും വന്ദേമാതരവും അതിന്റെ മാതൃസ്ഥാനമായ ആനന്ദമഠം നോവലും പരിശോധിച്ചാലാണ് സംഘപരിവാറിന്റെ ഇക്കാര്യത്തിലെ നവസ്‌നേഹവും അമിതാവേശവും വ്യക്തമാകുക.

കഴിഞ്ഞ നവംബര്‍ ഏഴിന് വന്ദേമാതരത്തിന്റെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ചരിത്രത്തെ പാടെ തമസ്‌കരിച്ച് വര്‍ത്തമാനകാല വിദ്വേഷ രാഷ്ട്രീയത്തിന്റെ വ്യാപനത്തിനുള്ള വാചകമടിയായി ചുരുങ്ങി. ഗാന്ധിജിയെയും അഹിംസയെയും പിന്തള്ളാന്‍ ദേശീയ ഗാനമായ ജനഗണമനയെയും ടാഗോറിനെയുമെല്ലാം താഴ്ത്തിക്കെട്ടാന്‍ സംഘപരിവാറിന് ബങ്കിംചന്ദ്ര ചാറ്റര്‍ജി ഒരു ഉപകരണമാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയെയും ആനന്ദമഠമെന്ന നോവലിനെയും ശരിയായി മനസിലാക്കുന്നതില്‍ മതേതര ചേരിയിലുള്ളവര്‍പോലും പരാജയപ്പെടുമ്പോഴാണ് വന്ദേമാതരമൊരു രാഷ്ട്രീയ ആയുധമായി മൂര്‍ച്ചകൂട്ടപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ എന്ന കൃതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ‘വന്ദേമാതരം’ എന്ന ഗാനം ആദ്യ വിമര്‍ശനത്തിന് വിധേയമായത് അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെയാണ്. ദേശീയ ഐക്യബോധം എന്ന സങ്കല്‍പത്തെ ശിഥിലമാക്കിക്കൊണ്ട് രചിക്കപ്പെട്ട ഗാനമായി അത് പല കോണില്‍ നിന്നും പ്രതിഷേധത്തിന് വിധേയമായി. ‘ആനന്ദമഠം’ വളരെയേറെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ ഒരു നോവലാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജി ജീവിച്ചിരിക്കുമ്പോള്‍ തന്നെ വെട്ടിയും തിരുത്തിയും മുറിച്ചും കൂട്ടിച്ചേര്‍ത്തും മൂലകൃതിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ അണിചേര്‍ന്നവര്‍, ജാതിമതഭേദമന്യ ആദ്യത്തെ പ്രതി ഷേധമുയര്‍ത്തിയപ്പോഴും, പിന്നീട് ഇംഗ്ലീഷുകാരന്റെ ഇംഗിതത്തെ മാനിച്ച് പലവുരുവും ആനന്ദമാഠം എന്ന സൃഷ്ടി പുനര്‍ജനിച്ചു.

കോണ്‍ഗ്രസിന്റെ ദേശീയ സമിതിയിലും ഈ ഗ്രന്ഥം അമര്‍ഷത്തിന്റെ വേനല്‍ ചൂടേറ്റു. അവരുടെ കൂട്ടായ എതിര്‍പ്പുകള്‍ക്കിടയില്‍ ന്യൂനപക്ഷസമുദായത്തിന്റെ ശബ്ദവുമുണ്ടായിരുന്നു എന്നുമാത്രം. എന്നാല്‍ ഇന്ന് സംഘ്പരിവാറിന്റെ ദൃഷ്ടിയില്‍ ദേശീയബോധമുയര്‍ത്തുന്ന ഒരു ഗാനത്തിനെതിരെ ന്യൂനപക്ഷസമുദായത്തിന്റെ രാഷ്ട്രവിരുദ്ധമായ ശബ്ദം മാത്രമാണ് കേള്‍ക്കുന്നത്. ഈ കഥയുടെ പ്രചാരണത്തിലൂടെ ഒരു ധ്രുവീകരണത്തിന് വേണ്ടിയുള്ള കഠിന പ്രയത്‌നം അവര്‍ നടത്തുന്നു. ഇവിടെ വര്‍ഗീയ പ്രശ്‌നമായി നാം ഇതിനെ കാണരുത്.

മതേതര മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന ജനമനസുകളില്‍ തീപ്പൊരി വാരിയിടാതെ, തികച്ചും നിഷ്പക്ഷമായ കോണിലൂടെ നമുക്ക് ഈ ഗ്രന്ഥത്തെ ഒന്ന് വിലയിരുത്താം. അതിനായി നമുക്കാശ്രയിക്കാനുള്ളത് പ്രഗത്ഭരായ ഗ്രന്ഥകാരന്മാരെത്തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്‌റു, ബിപിന്‍ ചന്ദ്ര, റൊമിളാ ഥാപ്പര്‍, ഡോ. ഭീമീബൊരി മജൂംദാര്‍, താനികാ സര്‍ക്കാര്‍, പ്രൊഫ.വി. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ ‘ആനന്ദമഠ’ത്തെക്കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളെ അവലംബമായി സ്വീകരിച്ചുകൊണ്ട് തികച്ചും നീതിയുക്തമായി നമുക്ക് ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ സര്‍ഗ സൃഷ്ടിയുടെ ആഴങ്ങളിലേക്കൊന്നു മുങ്ങിനോക്കാം.

മാറ്റിത്തിരുത്തലിന്റെ നാള്‍വഴികള്‍ ബിപിന്‍ ചന്ദ്ര ഇീാാൗിമഹശമൊ ശി ങീറലൃി കിറശമ എന്ന കൃതിയില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ വന്ദേമാതരം രചിക്കപ്പെട്ടപ്പോള്‍ സപ്ത കോടി കണ്ഠകളകളനിനാദകരാളേ എന്നായിരുന്നു. ഏഴുകോടി പ്രാര്‍ത്ഥനാനിര്‍ഭരമായ്… എന്നു പറയുന്നത് ഇന്ത്യയുടെ ജനസംഖ്യ ആയിരുന്നില്ല. ഹിന്ദുക്കളുടേതുമായിരുന്നില്ല. ബംഗാളികളുടേത് പോലുമായിരുന്നില്ല. അത് ബ്രിട്ടീഷുകാര്‍ സമകാലികമായുണ്ടാക്കിയ ഒറിയക്കാരും ആാസാമികളും, ബീഹാറികളുമെല്ലാമടങ്ങുന്ന ബംഗാള്‍ ‘പ്രസി ഡന്‍സി’യിലെ ജനസംഖ്യയായിരുന്നു. ഈ ‘കപടബോധം’ അധികനാള്‍ പിടിച്ചു നിറുത്താന്‍ സാധിച്ചില്ല ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് നേരെ പ്രതിഷേധം ഇരമ്പി.

‘പ്രസിഡന്‍സി പാട്രിയോട്ടിസം.’ ഏഴുകോടി ശബ്ദമുയര്‍ന്നു എന്നത് ‘ഇരുപത് കോടി ശബ്ദം’ എന്നു മാറ്റിയെഴുതി. എന്നിട്ടും ഇന്ത്യന്‍ ദേശീയതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമാണ് ‘രാജഭരണപ്രദേശങ്ങള്‍’ എന്ന സ്ഥിതിവന്നു. രോഷാഗ്‌നിയില്‍ തിളച്ച ദേശസ്‌നേഹികള്‍ ചാറ്റര്‍ജിക്ക് നേരെ ശരവര്‍ഷമായി. പിന്നീട് രാജഭരണ പ്രദേശത്തില്‍ ഉള്ളവരെക്കൂടെ ഇന്ത്യയിലെ ജനതയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തത് 1930ലെ ജനകീയ മുന്നേറ്റത്തെത്തുടര്‍ന്നാണ്, ‘കോടികോടി കണ്ഠകളകള നിനാദകരാളേ കോടികോടി ഭുജൈധ്യത ഖരകരവാളേ…’ എന്നായത്.

അതുകൊണ്ട് ആര്‍.എസ്.എസ് ആദ്യകാലത്ത് ‘വന്ദേ മാതരത്തോട്’ മാനസികമായി പൊരുത്തപ്പെട്ട് പോയിരുന്നില്ല. ആനന്ദമഠത്തിനെതിരെ ശബ്ദമുയര്‍ന്നു തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതിലെ വര്‍ഗീയ പശ്ചാത്തലവും ഇംഗ്ലീഷ് പ്രീണനവും ബോധ്യമായി. പക്ഷേ അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പൂര്‍ണമായ ശ്രമം അവര്‍ നടത്തിയില്ല. വന്ദേ മാതരത്തിനെതിരെ ശക്തമായ എതിര്‍പ്പ് വന്നപ്പോള്‍ ഇതിനെ സംബന്ധിച്ച് പഠിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു കമ്മറ്റി രൂപീകരിച്ചു.

അതില്‍ ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബ്ദുള്‍കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ്, ആചാര്യ നരേന്ദ്രദേവ് എന്നിവര്‍ അംഗങ്ങളായിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ഉപദേശം തേടാനും കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയം രൂപപ്പെടുത്തിയത് നെഹ്‌റുവാണ്. 1939 ല്‍ ആദ്യ രണ്ട് പദ്യഭാഗവും നിലനിറുത്തിക്കൊണ്ട് മറ്റുള്ളവ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എങ്കിലും വന്ദേമാതരത്തിനെതിരെയുള്ള വിമര്‍ശനം കോണ്‍ഗ്രസിന കത്ത് തുടര്‍ന്നുകൊണ്ടേയിരുന്നു.

ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ സമ്മര്‍ദ്ദമായിരുന്നു ഇതിനു കാരണം. എന്നാല്‍ 1947 ല്‍ സ്വാതന്ത്ര്യത്തിനുശേഷം പൂര്‍ണ ഭേദഗതി വരുത്താന്‍ കോണ്‍ഗ്രസ് തയാറായി. 1950 ജനുവരി 24ന് കോണ്‍സ്റ്റിസ്റ്റ്യുവന്റ് അസംബ്ലി കൂടിയപ്പോള്‍ ‘ജന ഗണമന’യെ ദേശീയഗാനമായി അംഗീകരിച്ചു. നെഹ്‌റു ഒരിക്കല്‍ സുബാഷ് ചന്ദ്രബോസിനെഴുതി. (1937 ഒക്ടോബറിലായിരുന്നു അത്) ‘ആനന്ദമഠം വായിച്ചശേഷം അതിലെ ഗാനത്തിന്റെ പശ്ചാത്തലം’ മുസ്‌ലിംകളെ ചൊടിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നു തോന്നുന്നു. വന്ദേമാതരത്തിനെതിരെയുള്ള ആക്രോശം വലിയ അളവോളം വര്‍ഗീയ ശക്തികളുടെ സൃഷ്ട്ടിയാണ്. പക്ഷേ അതേ സമയം അല്‍പം കാമ്പും ഇല്ലാതില്ല. വര്‍ഗീയമായ ചായ്‌വുള്ളവരില്‍ അത് വല്ലാതെ പ്രശ്‌നമുണ്ടാക്കും.

ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ ‘ബംഗദര്‍ശനം’ എന്ന സാഹിത്യ പത്രികയില്‍ ആണ് ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത്. അതില്‍ ‘സന്ന്യാസികളുടെ പോരാട്ട’ത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് നടന്ന സ്ഥലങ്ങളുടെ പേരുകളും വര്‍ഷവും കാലവും എല്ലാം രേഖപ്പെ ടുത്തിയിരുന്നു. അന്ന് ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബ്രിട്ടീഷുകാര്‍ക്ക് കീഴിലുള്ള ഒരു ഡപ്യൂട്ടി കലക്ടറായിരുന്നു. ‘ബംഗദര്‍ശന’ത്തില്‍ വന്ന ആദ്യനോവലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം കൂടിയാണ് സന്ന്യാസികള്‍ നടത്തുന്നതെന്ന് വരുന്ന തരത്തിലായിരുന്നു കഥ. അപ്പോഴാണ് ബ്രിട്ടീഷുകാര്‍ക്ക് കീഴെ ജോലിചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ തന്റെ സ്ഥാനമാനങ്ങളെ ദുരുപയോഗം ചെയ്ത് സാഹിത്യ രചന നടത്തിയാല്‍ ആ പദവിക്ക് ഏല്‍ക്കാന്‍ സാധ്യതയുള്ള ആഘാതത്തെ ക്കുറിച്ച് സുഹൃത്തുക്കള്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിക്ക് മുന്നറിയിപ്പ് നല്‍കി.

വളരെ കൃത്യമായി ചാറ്റര്‍ജി ബ്രിട്ടീഷുകാരുടെ പേരുകള്‍ തന്റെ അടുത്ത പതിപ്പില്‍ നിന്ന് നീക്കംചെയ്തുകൊണ്ട് സ്വസ്ഥനായി. പകരം നവാബിന്റെ കീഴിലുള്ള മുസ്‌ലിം ഉദ്യോഗസ്ഥരെ വില്ലന്മാരാക്കി അവരോട് ദേശാഭിമാനത്തോടെ പൊരുതുന്ന പടയാളികളുടെ പുതിയ വ്യാഖ്യാനം പുറത്തിറക്കി. ആര്‍.എസ്.എസിന്റെ സൈദ്ധാന്തികന്‍ മനല്‍ക്കാനി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ത്രിവര്‍ണ പതാകക്ക് പകരം കാവിക്കൊടിയെ ദേശീയ പതാകയാക്കി മനസില്‍ ധ്യാനിക്കുന്ന ‘സംഘ്പരിവാര്‍ കുടുംബം’ വന്ദേമാതരം കൂടുതല്‍ ദേശീയത തുളുമ്പുന്ന ഗാനമായി ഗണിച്ചുപോരുന്നതിന് പിന്നിലെ ചേതോവികാരം നിഷ്പക്ഷമതികള്‍ ചികഞ്ഞുനോക്കേണ്ടതുണ്ട്.

ബ്രിട്ടീഷുകാരുടെ കാരുണ്യത്തിനായി ‘സര്‍ഗസൃഷ്ടിയെ’ വെട്ടിയും കുത്തിയും ശിഥിലമാക്കി പുനര്‍ രചനയ്ക്ക് വിധേയമാക്കിയ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ നോവലിനേക്കാള്‍ കലാസൗഷ്ഠവം രവീന്ദ്രനാഥ ടാഗോറിന്റെയും അല്ലാമാ ഇഖ്ബാലിന്റെയും രചനകള്‍ക്കില്ല എന്നു പറയുന്ന സംഘ്പരിവാര്‍, ഗീബത്സിന്റെ ശിഷ്യഗണങ്ങളില്‍പ്പെടുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ‘ജനഗണമന’ ഉപേക്ഷിക്കണമെന്നുപോലും അവര്‍ രഹസ്യ പ്രചാരണം നടത്തുന്നു. ജോര്‍ജ്ജ് അഞ്ചാമനെ പാടിപ്പുകഴ്ത്തുന്ന സ്തുതിഗാനമായി മാത്രമേ അതിനെ പരിഗണിക്കാന്‍ പാടുള്ളൂ എന്ന ആശ്ചര്യജനകമായ പുതിയ വ്യാഖ്യാനം നല്‍കാനും അവര്‍ തയ്യാറായിരിക്കുന്നു. ( അവസാനിക്കുന്നില്ല )