kerala

വന്ദേഭാരതില്‍ പഴകിയ ജ്യൂസ് നല്‍കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

By webdesk17

May 30, 2025

മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരതില്‍ (Vande Bharat Express) (20631) വ്യാഴാഴ്ച രാവിലെ യാത്രക്കാര്‍ക്ക് പഴകിയ ജ്യൂസ് നല്‍കിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നോട്ടീസയച്ചു. പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂണ്‍ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. 2024 സെപ്തംബര്‍ 25ന് നിര്‍മിച്ച് 2025 മാര്‍ച്ച് 24ന് കാലാവധി കഴിഞ്ഞ ജ്യൂസാണ് നല്‍കിയത്. അതസമയം പരാതി കാറ്ററിങ് ജീവനക്കാര്‍ നിസാരവല്‍ക്കരിച്ചതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നേരത്തെ, വന്ദേഭാരത് ട്രെയിനില്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷണമുണ്ടാക്കുന്ന കൊച്ചിയിലെ കേന്ദ്രത്തിന്റെ വൃത്തിഹീനമായ അവസ്ഥ വലിയ വാര്‍ത്തയായിരുന്നു.