ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തീരമണയുന്ന പശ്ചാതലത്തില്‍ ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകും വരെ വിമാനത്താവളം അടഞ്ഞുകിടക്കും. അതോടൊപ്പം തന്നെ സബര്‍ബര്‍ ട്രെയിനുകളും റെയില്‍വെ നിറുത്തിവെച്ചു. ഉച്ചക്ക് രണ്ടിനും അഞ്ചിനും ഇടയില്‍ വര്‍ധ കരയിലെത്തുമെന്നാണ് കാലാവസ്ഥാപ്രവചന കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.

കാറ്റിനൊപ്പം തന്നെ ശക്തമായ മഴക്കും സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലും ഇപ്പോള്‍ തന്നെ മഴയുണ്ട്. തിങ്കളാഴ്ച രാവിലെ 9.30വരെയുള്ള കണക്കനുസരിച്ച് ചെന്നൈയില്‍ 7.5സെന്റിമീറ്റര്‍ മഴലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറില്‍ 100മുതല്‍ 120വരെ വേഗത്തില്‍ വിശുന്ന കാറ്റാണ് വാര്‍ധ. ചെന്നൈ തീരത്ത് നിന്ന് 47 കിലോമീറ്റര്‍ അകലെയാണ് വാര്‍ധ ഇപ്പോള്‍ വീശുന്നത്. ഉച്ചയോടെ കരക്കെത്തുമെന്നാണ് പ്രവചനം.

കരക്കെത്തുന്ന പക്ഷം കാറ്റിന്റെ വേഗത വര്‍ധിച്ചുവരും. കാറ്റിന് തീരത്തോടടുക്കുന്ന പക്ഷം വേഗത വര്‍ധിക്കുകയാണ്. ചെന്നൈയിലും തീര പ്രദേശങ്ങളിലും ഇപ്പോള്‍ തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും നല്‍കി.