തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.എമ്മിന്റെ പ്രമുഖ നേതാവുമായ എന്‍ വാസു അറസ്റ്റിലായത് സര്‍ക്കാരിനെ സമാനതകളില്ലാത്ത രാഷ്ട്രീയ കുരുക്കിലാക്കി. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം വാസുവിനെ പൂട്ടിയത്. 2019ല്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയതില്‍ വാസുവിന്റെ പങ്കും ആസൂത്രിതമായ ഗൂഡാലോചനയും നിഷേധിക്കാനാകാത്തവിധം വ്യക്തമായതോടെയാണ് തിരഞ്ഞെടുപ്പ് വേളയില്‍ അറസ്റ്റ് അനിവാര്യമക്കിയത്.
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ രേഖകളില്‍ ചെമ്പാക്കിയത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസുവാണെന്നു കണ്ടെത്തിയിട്ടും പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടയാള്‍ എന്ന ആനുകൂല്യമുള്ളതിനാല്‍ വാസുവിനെ തൊടാന്‍ അന്വേഷണ സംഘം ഭയന്നിരുന്നു. വാസു മനസു തുറന്നാല്‍ സി.പി.എമ്മും സര്‍ക്കാരും പ്രതിസന്ധിയിലാകുമെന്ന് ഉറപ്പാ ണ്. അതുകൊണ്ടുതന്നെ വാസുവിനെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ കോടതി എല്ലാം നിരീക്ഷിക്കുന്നതും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അറസ്റ്റ് അനിവാര്യമാകുകയും ചെയ്താല്‍ ഉണ്ടായേക്കാവുന്ന മാനഹാനിയും ഭയന്നാണ് അറസ്റ്റ് നേ രത്തെയാക്കിയത്.
പി.എം.ശ്രീയും വെന്റിലേറ്ററിലായ ആരോഗ്യമേഖലയും ഉള്‍പ്പെടെ സമകാലിക രാഷ്ട്രീയ സാ ഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാത്തതിനാലായിരുന്നു വാഗ്ദാന പെരുമഴയുമായി ഇടത് സര്‍ക്കാര്‍ തദ്ദേശ പോരിനിറങ്ങിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ വാസു പിടിക്കപ്പെട്ടതോടെ, പടക്കളത്തിലേക്ക് ആയുധമില്ലാതെ അണികളെ ആട്ടിയിറക്കേണ്ട അവസ്ഥ യിലാണ് സി.പി.എം. സ്വര്‍ണക്കൊള്ളയില്‍ ജനങ്ങളെയും അണികളെയും ബോധ്യപ്പെടുത്താനുതകുന്ന ഒരു വിശദീകരണവും സി.പി.എം നേതൃത്വത്തിനില്ല.
2019ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം നടത്തിയത് പോലെ 2025 ലെ ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലും ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാസുവില്‍ മാത്രം അറസ്റ്റ് ഒതുങ്ങില്ല. സര്‍ക്കാരിന്റെ അറിവോടെ നടന്ന തട്ടിപ്പിന്റെ നേട്ടം സര്‍ക്കാരിലെ പലര്‍ക്കും കിട്ടിയിട്ടുണ്ട്. അതായത് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ ഇ നിയും കേസില്‍ കുടുങ്ങുമെന്ന് ഉറപ്പ.് അതുകൊണ്ടുതന്നെ ഭരണ നേട്ടങ്ങളെന്നും ഉയര്‍ത്തിക്കാട്ടാന്‍ ഒന്നുമില്ലാത്ത സര്‍ക്കാരിനും ഇടതുമുന്നണിക്കും തിരഞ്ഞെടുപ്പ് രംഗത്ത് പിടിച്ചു നില്‍ക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടിവരും. തിരഞ്ഞെടുപ്പിന്റെ പ്രധാന ചര്‍ച്ച വിഷയമായി ശബരിമല മാറുന്നത് സി.പി.എമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ആചാരലംഘനം നടത്തി യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത് തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പില്‍ ഇടതിന് തിരിച്ചടിയായിരുന്നു. അതിനെക്കാള്‍ ഗുരുതരമാണ് അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്.