ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി(വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍)ബില്ല് പാസാക്കി ലോക്‌സഭ. ബില്ല് വലിച്ചു കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
ലോക്‌സഭയില്‍ പാസാക്കിയ ബില്ല് രാജ്യസഭയില്‍ വെച്ചിരിക്കുകയാണ്. തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റുന്നത് രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ബില്ല് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. നേരത്തേ തൊഴിലുറപ്പ് പദ്ധതിയുടെ നൂറുശതമാനം വിഹിതവും നല്‍കിയിരുന്നത് കേന്ദ്രസര്‍ക്കാറായിരുന്നു.
എന്നാല്‍ പുതിയ ബില്ലില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും 10 ശതമാനവും മറ്റ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 40 ശതമാനവും ബാധ്യത വരും. അതുപോലെ തൊഴിലുറപ്പു ദിനങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 125 ആയി ഉയര്‍ത്തിയിട്ടുമുണ്ട്. പദ്ധതിക്കായി അംഗീകരിച്ച തൊഴിലുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ തൊഴിലുറപ്പു പദ്ധതി അടിമുടി പൊളിച്ചെഴുതുന്നതാണ് പുതിയ ബില്ല്.