പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കൈത്താങ്. വീട് വെക്കാനുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനാണ് ഭൂമി വാങ്ങി നല്‍കിയത്. വീടുവെക്കാന്‍ സ്ഥലമില്ലെന്ന് കുടുംബം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനെ വസ്തു വാങ്ങി നല്‍കുന്നതിന് പ്രതിപക്ഷ നേതാവ് ചുമതലപ്പെടുത്തിയത്.
പാലക്കാട് ജില്ലയില്‍ പല്ലശ്ശന പഞ്ചായത്തില്‍ പല്ലാവൂര്‍ എന്ന സ്ഥലത്താണ് 5 സെന്റ് ഭൂമി നല്‍കിയത്. പതിനേഴാം തീയതി പ്രതിപക്ഷ നേതാവ് പാലക്കാട് എത്തുമ്പോള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും.അതിനുശേഷം കോഴിക്കോട് ആസ്ഥാനമായുള്ള ഷെല്‍ട്ടര്‍ ഇന്ത്യ എന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിനോദിനിക്ക് വീട് വെച്ച് നല്‍കുന്നതിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങും.