kerala

‘വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

By webdesk17

January 22, 2026

പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കുമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. 2026 ഫെബ്രുവരി 13ന് പുതുയുഗയാത്ര മലപ്പുറം ജില്ലയില്‍ പ്രവേശിക്കും. യാത്ര ചരിത്രസംഭവമാക്കുവാന്‍ മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഫെബ്രുവരി 13, 14 തിയ്യതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. താഴെ പറയുന്ന കേന്ദ്രങ്ങളിലായിരിക്കും ജാഥക്ക് സ്വീകരണം നല്‍കുക. ഫെബ്രുവരി 13ന് വെള്ളിയാഴ്ച രാവിലെ 09.30ന് കൊണ്ടോട്ടിയില്‍ ജില്ലയിലെ സ്വീകരണങ്ങള്‍ക്ക് തുടക്കംകുറിക്കും. ഉച്ചക്ക് ശേഷം 02.30ന് അരീക്കോട്, 03.30 നിലമ്പൂര്‍, 04.30 വണ്ടൂര്‍, 05.30 മഞ്ചേരി 06.30ന് മലപ്പുറം എന്നിവിടങ്ങളിലാണ് മറ്റു സ്വീകരണങ്ങള്‍. മലപ്പുറത്തെ സമാപന സ്വീകരണത്തില്‍ മലപ്പുറം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് പുറമെ മങ്കട, പെരിന്തല്‍മണ്ണ നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തര്‍കൂടി പങ്കെടുക്കും. ജില്ലയിലെ രണ്ടാംദിവസമായ 14ന് ശനിയാഴ്ച രാവിലെ 10 വേങ്ങര, 11 പടിക്കല്‍, ഉച്ചക്ക് ശഷം 3ന് തിരൂരങ്ങാടി, 4ന് താനൂര്‍, 5 തിരൂര്‍, 6ന് എടപ്പാളില്‍ സമാപിക്കും. എടപ്പാളിലെ സംഗമത്തില്‍ കോട്ടക്കല്‍, പൊന്നാനി, തവനൂര്‍ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുക.

ജാഥയുടെ വിജയത്തിനായി ജനുവരി 27ന് വള്ളിക്കുന്ന്, ഏറനാട്, 29ന് പൊന്നാനി, തിരൂരങ്ങാടി, 30ന് കോട്ടക്കല്‍, വേങ്ങര, മലപ്പുറം, കൊണ്ടോട്ടി, മങ്കട, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍, തവനൂര്‍, തിരൂര്‍ നിയോജകമണ്ഡലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടക്കും. ഫെബ്രുവരി 2നകം പഞ്ചായത്ത് – മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും, 10നകം ബൂത്ത്കണ്‍വെന്‍ഷനുകളും നടക്കും. മേല്‍ കണ്‍വെന്‍ഷനുകള്‍ക്ക് പുറമെ ഫെബ്രുവരി 1ന് വൈകുന്നേരം 4 മണിക്ക് മലപ്പുറം മേഖലയുടെയും ഫെബ്രുവരി 2ന് വൈകുന്നേരം 4 മണിക്ക് എടപ്പാള്‍ മേഖലാ സ്വാഗതസംഘയോഗം ചേരും. മലപ്പുറം മേഖലാ കണ്‍വെന്‍ഷനില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട നിയോജകമണ്ഡലങ്ങളിലെയും എടപ്പാള്‍ മേഖലാ കണ്‍വെന്‍ഷനില്‍ തവനൂര്‍, പൊന്നാനി, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ പഞ്ചായത്ത്- മുനിസിപ്പല്‍, നിയോജകമണ്ഡലം യു.ഡി.എഫ് ഭാരവാഹികളും ജനപ്രതിനിധികളുമാണ് സ്വാഗതസംഘം യോഗത്തില്‍ പങ്കെടുക്കുക. യോഗത്തില്‍ ചെയര്‍മാന്‍ പി.ടി അജയ്മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷ്റഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി സെക്രട്ടറി അഡ്വ. വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. കെ.പി അബ്ദുല്‍ മജീദ്, ഇസ്മായില്‍ മൂത്തേടം, എം.എ ഖാദര്‍, മാത്യു വര്‍ഗീസ്, വാസു കാരയില്‍, വി.കെ.എം ഷാഫി, സി.എം.കെ മുഹമ്മദ്, കെ.പി അനസ്, പി.പി.എ റഷീദ് എന്നിവര്‍ സംസാരിച്ചു.