kerala

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കുന്നത്; വി.ഡി സതീശന്‍

By webdesk14

April 24, 2023

കൊച്ചി: ഏത് നിയമം അനുസരിച്ചാണ് പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലില്‍ എടുത്തത്? കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വഴി നടക്കാനാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

വഴിയില്‍ ഇറങ്ങുന്നവരെ പിടിച്ചുകൊണ്ട് പോകുകയാണ്. കരുതല്‍ തടങ്കലിനെതിരെ അതിശക്തമായി സമരം ആരംഭിക്കും. എന്ത് ഏകാധിപത്യ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ നാല് പൊലീസ് വണ്ടികളുമായി എത്തുന്നവര്‍ ഇതുപോലെ ഗുണ്ടകളെ അന്വേഷിച്ച് പോകുമോ? എന്നും അദ്ദേഹം ചോദിച്ചു. സ്റ്റാലിന്റെ പൊലീസായി കൊച്ചിയിലെ പൊലീസ് മാറുകയാണ്. ഏത് നേതാവ് പറഞ്ഞിട്ടാണെങ്കിലും പൊലീസ് ചെയ്യുന്നത് ധിക്കാരമാണ്. അതിനെ എന്ത് വില കൊടുത്തും ചെറുക്കും. ഇത് യോഗിയുടെ ഉത്തര്‍പ്രദേശല്ല, കേരളമാണ്. പ്രധാനമന്ത്രിയെ തടയാന്‍ കോണ്‍ഗ്രസോ യു.ഡി.എഫോ തീരുമാനിച്ചിട്ടില്ല. എന്നിട്ടും എന്തിനാണ് കരുതല്‍ തടങ്കല്‍? കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും പൊലീസ് വൈരാഗ്യം തീര്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.