മന്ത്രി വീണാ ജോര്‍ജിനു പരിക്കേറ്റെന്ന വാദം ബാധിച്ചതു പാര്‍ട്ടിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങള്‍. മന്ത്രി അടക്കം മൂന്നു സിറ്റിങ് എംഎല്‍എമാര്‍ പരാജയപ്പെടുകയും ജില്ലയിലെ അഞ്ചു സിറ്റിങ് സീറ്റുകളില്‍ നിന്നു എല്‍ഡിഎഫ് ഒന്നിലേക്കു ചുരുങ്ങിയതിനും പിന്നില്‍ ശബരിമല വിഷയവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമാണെന്ന് വിമര്‍ശനം. ആറന്മുളയില്‍ വീണാ ജോര്‍ജിനേറ്റ കനത്ത തോല്‍വിയും തിരുവല്ലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപെട്ടതും 11ന് നടക്കുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യും.
പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയില്‍ നിന്നും ജില്ലാ നേതൃത്വം മുക്തമായിട്ടില്ല. മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ മത്സരിച്ചെങ്കിലും കോന്നിയില്‍ മാത്രമാണ് ജയിക്കാനായത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ തിരുവല്ല മണ്ഡലത്തില്‍ എല്‍ഡിഎഫ് എംഎല്‍എ ബിജെപിക്കും പിന്നില്‍ പോയതും ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചായത്തുകളില്‍ പോലും ബിജെപി മുന്നേറ്റമുണ്ടാക്കി. റാന്നിയില്‍ തുടര്‍ച്ചയായി ആറ് തവണയും തിരുവല്ലയില്‍ നാല് തവണയും അടൂര്‍ മൂന്ന് തവണയും എല്‍.ഡി.എഫ് ആണ് ജയിച്ചിരുന്നത്. എന്നാല്‍, ഈ മണ്ഡലങ്ങളെല്ലാം നഷ്ടപെട്ട് പോയതിനു പിന്നില്‍ ശബരിമല വിവാദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും സിപിഎം അണികള്‍ക്കിടയിലും പ്രാദേശിക തലത്തിലും കണക്കുകള്‍ ശേഖരിച്ചിരുന്നു. ശബരിമല വിഷയം ജനം തള്ളുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അത് തിരിച്ചടിച്ചതായി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുന്നു. കൂടാതെ ആരോഗ്യ മന്ത്രിയായിരുന്ന വീണാ ജോര്‍ജിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും തോല്‍വിക്ക് കാരണമായതാണ് പാര്‍ട്ടിയുടെ പുതിയ കണ്ടെത്തല്‍.
കണ്ണൂരില്‍ കെഎസ്‌യു പ്രവര്‍ത്തകരും മന്ത്രിയും തമ്മിലുള്ള സംഘര്‍ഷവും പിന്നാലെ മന്ത്രിക്കു പരിക്കേറ്റതായ വാദവും ജനങ്ങള്‍ തള്ളി കളഞ്ഞു. ആരോപണം പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു. കൂടാതെ ആരോഗ്യ മേഖലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും മന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ശസ്ത്രക്രിയ വിവാദം മന്ത്രിയുടെ പേരില് കളങ്കം ചാര്‍ത്തി. ലീഡ് കുറഞ്ഞാലും ആറന്മുളയില്‍ ജയിച്ച് കയറാമെന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍, ജയിക്കാനായില്ലെന്നു മാത്രമല്ല, യുഡിഎഫ് എക്കാലത്തെയും മികച്ച ലീഡ് നേടുകയും ചെയ്തു. യുഡിഎഫില്‍ മണ്ഡലത്തില്‍ നിന്നുള്ള ആളാണ് മത്സരിച്ചിരുന്നെങ്കില്‍ വീണ ജോര്‍ജിന്റെ തോല്‍വി കനത്തതാകുമെന്നും വിലയിരുത്തലുണ്ട്. ആറന്മുളയില്‍ എന്‍ഡിഎക്ക് കുമ്മനംരാജശേഖരന് അധികം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ല. കുമ്മനത്തിന് കിട്ടാതെ പോയ വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചില്ലെന്നും യുഡിഎഫാണ് നേട്ടമുണ്ടാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. വീണയിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായതാണ് ഈ വോട്ട് ചോര്‍ച്ചക്ക് കാരണമായത്. ശബരിമല കൊള്ളക്കേസില്‍ പ്രതിയായ എ പത്മകുമാറിനെ പാര്‍ട്ടി സംരക്ഷിച്ചതിന് നല്‍കേണ്ടി വന്നത് കനത്ത വിലയാണെന്ന വാദവും ഉയര്‍ന്നു. യുഡിഎഫിനെതിരെ വയനാട് പുനരധിവാസ ആരോപണം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കവെ റാന്നി മണ്ഡലത്തില്‍ ശബരിമല കൊള്ള കേസ് യുഡിഎഫ് ചര്‍ച്ചയാക്കി. ഇതിനെ പ്രതിരോധിക്കാന്‍ പോലും സിപിഎം ജില്ലാ നേതൃത്വത്തിന് കഴിഞ്ഞില്ല.
തിരുവല്ലയില്‍ ബിജെപിയുടെ മുന്നേറ്റം ജില്ലാ ഘടകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു പഞ്ചായത്തില്‍ മാത്രമാണ് ലീഡ് നേടാന്‍ എല്‍ഡിഎഫിന് കഴിഞ്ഞത്. 10 വോട്ടുകള്‍ മാത്രമാണ് അധികം നേടിയത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടെ മൂന്ന് പഞ്ചായത്തില്‍ എന്‍ഡിഎ ലീഡ് നേടിയത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. ജില്ലാ സെക്രട്ടറി എന്ന നിലയില്‍ രാജു ഏബ്രഹാം പൂര്‍ണ പരാജയമെന്നും വിമര്‍ശനം ഉയര്‍ന്നു. മുന്‍ ജില്ലാ സെക്രട്ടറിയെയും രാജു ഏബ്രഹാമിനെയും താരതമ്യപ്പെടുത്തി ചില പാര്‍ട്ടി നേതാക്കന്മാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ജില്ലാ കമ്മിറ്റി ഗൗരവത്തോടെയാണ് കാണുന്നത്. രാജു ഏബ്രഹാം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നേരിട്ട തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിന്നോക്കം പോയതായാണ് അണികളുടെ വിമര്‍ശനം. ശബരിമല വിഷയം കൈകാര്യം ചെയ്യാന്‍ കഴിയാതെ പോയതും ജില്ലാ സെക്രട്ടറിയുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നും ജില്ലാ നേതാക്കന്മാര്‍ പറയുന്നു. ദേവസ്വം മന്ത്രിയായ വി. എന്‍ വാസവനും മുന്‍ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണം. ഇരുവരും തോല്‍ക്കാന്‍ കാരണം ഭരണവിരുദ്ധ വികാരത്തിനൊപ്പം ശബരിമല വിഷയം കൂടിയാണെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്‍ ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നാണ് പത്തനംതിട്ടയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ ആവര്‍ത്തിച്ചത്. എന്നാല്‍, കണക്കുകള്‍ നോക്കുമ്പോള്‍ ശബരിമല സ്വര്‍ണ കൊള്ള വോട്ടര്‍മാരെ ശക്തമായി ബാധിച്ചു എന്നു വേണം കരുതാനെന്നും സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. 2024ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി ശബരിമല വിഷയം പ്രചാരണ ആയുധമാക്കിയെങ്കിലും ഗുണം കിട്ടിയത് യുഡിഎഫിനാണ്. എന്നാല്‍, ഇക്കുറി യുഡിഎഫ് ആണ് ശബരിമല പ്രധാന ആയുധമാക്കിയത്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി പോലും ശബരിമല വിഷയം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ഇതിനെയൊന്നും പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്നും ജില്ലാ നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.